കാണാതായ കഫേ കോഫി ഡേ ഉടമയുടെ പേരില്‍ പുറത്തുവന്ന കത്തില്‍ ദുരൂഹത: ഡി കെ ശിവകുമാര്‍

Posted on: July 30, 2019 1:58 pm | Last updated: July 30, 2019 at 2:01 pm

ന്യൂഡല്‍ഹി: കഫേ കോഫി ഡേ ഉടമ വി ജി സിദ്ധാര്‍ഥ് ജീവനക്കാര്‍ക്ക് എഴുതിയാതായി പുറത്തുവന്ന കത്തില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍. സംഭവത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഫേ കോഫി ഡേയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ജീവനക്കാര്‍ക്ക് എഴുതിയതായി പറയുന്ന ഒരു കത്ത് അദ്ദേഹത്തെ കാണാതായ ഈ സമയത്ത് പ്രചരിക്കുന്നുണ്ട്. ഈ കത്തില്‍ ജൂലൈ 27 എന്ന തിയ്യതിയാണുള്ളത്. ജൂലൈ 28ന് അദ്ദേഹം എന്നെ വിളിച്ച് നേരിട്ട് കാണാന്‍ പറ്റുമോയെന്ന് ചോദിച്ചിരുന്നു. അദ്ദേഹത്തെപ്പോലെ ധീരനായ ഒരു വ്യക്തി ഇത്തരമൊരു കാര്യം ചെയ്യുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല- ശിവകുമാര്‍ പറഞ്ഞു.

സംരംഭകന്‍ എന്ന നിലയില്‍ താന്‍ പരാജയപ്പെട്ടതായും ആദായ നികുതി വകുപ്പില്‍ നിന്ന് വലിയ സമ്മര്‍ദമുണ്ടായെന്നുമാണ് സിദ്ധാര്‍ഥ് എഴുതിയതെന്ന പേരില്‍ പ്രചരിക്കുന്ന കത്തില്‍ പറയുന്നത്.

കമ്പനിയെ ലാഭത്തിലാക്കാന്‍ കഴിഞ്ഞില്ല. ഇനിയും ഇങ്ങനെ തുടരാനാവില്ല. കഫേ കോഫി ഡേ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണെന്നും കത്തില്‍ പറഞ്ഞിരുന്നു.