Connect with us

Kerala

കെവിന്‍ വധക്കേസ് വിചാരണ പൂര്‍തത്തിയായി; 14ന് വിധി

Published

|

Last Updated

കോട്ടയം: സംസ്ഥാനത്തെ ഞെട്ടിച്ച നട്ടാശ്ശേരി കെവിന്‍ വധക്കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായി. അടുത്തമാസം 14ന് കോട്ടയം സെഷന്‍സ് കോടതി വിധി പറയും. കേരളം വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ട ദുരഭിമാനക്കൊലയില്‍ മൂന്ന് മാസത്തിനുള്ളിലാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയായത്.

ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നല്‍കിയ നിര്‍ദേശം. എന്നാല്‍ മൂന്ന് മാസം കൊണ്ട് തന്നെ വിചാരണ പൂര്‍ത്തിയാക്കി റെക്കോര്‍ഡ് സൃഷ്ടിക്കുകയായിരുന്നു. കോടതി സാധാരണ തുടങ്ങുന്നത് 11 മണിക്കാണെങ്കിലും കെവിന്‍ വധക്കേസില്‍ പലപ്പോഴും വിചാരണ പത്ത് മണിക്ക് തന്നെ ആരംഭിച്ചിരുന്നു.

കേസ് വിചാരണക്ക് ഇടയില്‍ത്തന്നെ നിരവധി വിവാദങ്ങളുണ്ടായ കേസായിരുന്നു കെവിന്‍ കൊലക്കേസ്. കെവിന് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയ എസ് ഐ ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തത് വിവാദമായതോടെ, പിന്നീട് അത് മരവിപ്പിച്ചു. സാക്ഷികള്‍ പലരും വിചാരണ്ക്ക് ഇടയില്‍ മൊഴിമാറ്റി. എങ്കിലും ശക്തമായ തെളിവുകള്‍ തന്നെയാണ് ഹാജരാക്കിയിട്ടുള്ളതെന്നും കേസില്‍ ശരിയായ വിധി വരുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും പ്രോസിക്യൂഷന്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം മെയ് 27നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ മാന്നാത്ത് നിന്നും ഏറ്റുമാനൂര്‍ സ്വദേശി ഷാനുവും സംഘവും തട്ടിക്കൊണ്ടുപോകുന്നത്. ഷാനുവിന്റെ സഹോദരി നീനുവിനെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഈ തട്ടിക്കൊണ്ടുപോകല്‍. ദളിത് ക്രിസ്ത്യനായിരുന്ന കെവിനുമായുള്ള നീനുവിന്റെ ബന്ധത്തോട് അച്ഛനും സഹോദരനും കടുത്ത എതിര്‍പ്പായിരുന്നു. ഈ പകയാണ് കെവിന്റെ കൊലപാതകത്തിലെത്തിച്ചത്.

28ന് പുലര്‍ച്ചെ തെന്മലയില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുഴയില്‍ മുക്കിക്കൊന്ന നിലയിലായിരുന്നു മൃതദേഹം. കെവിന്‍ രക്ഷപ്പെടാന്‍ പുഴയില്‍ച്ചാടി മരിച്ചെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ മുക്കിക്കൊന്നതാണ് എന്നതിന് കൃത്യമായ ഫൊറന്‍സിക് തെളിവുകള്‍ പുറത്തുവന്നതോടെയാണ് പ്രതികള്‍ കുടുങ്ങിയത്.

Latest