Connect with us

Editorial

'ശുദ്ധികലശം' പുലിവാല് പിടിക്കുന്നു

Published

|

Last Updated

തൃശൂര്‍ തൃപ്രയാറിലെ യൂത്ത് കോണ്‍ഗ്രസിന്റെ ചാണക വെള്ള പ്രയോഗം വിവാദമായിരിക്കുകയാണ്. ഇത് ജാതീയ അധിക്ഷേപമാണെന്ന് ഒരു വിഭാഗവും, എം എല്‍ എ നടത്തിയ സമരം പ്രഹസനമാണെന്ന് കാണിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്ന് സമരക്കാരും പറയുന്നു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനായി സിവില്‍ സ്‌റ്റേഷനു മുന്നില്‍ സമരം ചെയ്ത ഗീതാ ഗോപി എം എല്‍ എ ഇരുന്നയിടം യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പഞ്ചായത്ത് പ്രസിഡന്റും ചേര്‍ന്ന് ചാണക വെള്ളം തളിച്ച് “ശുദ്ധി” വരുത്തിയതിനെക്കുറിച്ചാണ് വിവാദം. സംഭവത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് എം എല്‍ എ പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.

സി പി ഐ. എം എല്‍ എയായ ഗീതാ ഗോപി ദളിത് സമുദായാംഗം കൂടിയാണെന്നതാണ് വിവാദത്തിനു വഴിയൊരുക്കിയത്. കാലങ്ങളായി ശോചനീയാവസ്ഥയില്‍ കിടന്നിരുന്ന ചേര്‍പ്പ്- തൃപ്രയാര്‍ റോഡ് അറ്റകുറ്റപ്പണികള്‍ നടത്തി നന്നാക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ചയാണ് ഗീതാ ഗോപി എം എല്‍ എ സിവില്‍ സ്‌റ്റേഷനിലെ പൊതുമരാമത്ത് ഓഫീസിനു മുമ്പില്‍ കുത്തിയിരിപ്പു സമരം നടത്തിയത്. അടുത്തിടെ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരുക്കേറ്റതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഗീതാ ഗോപി എം എല്‍ എയെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ച പശ്ചാത്തലത്തിലാണ് സിവില്‍ സ്റ്റേഷനു മുമ്പിലുള്ള എം എല്‍ എയുടെ സമരം. ഇത് ഫലം കാണുകയും ചെയ്തു. റോഡ് എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാന്‍ മരാമത്ത് വകുപ്പ് അധികൃതര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.

വര്‍ഷങ്ങളായുള്ള റോഡിന്റെ ശോച്യാവസ്ഥ ഇക്കാലമത്രയും പരിഹരിക്കാതെ പോയത് എം എല്‍ എയുടെ വീഴ്ച മൂലമാണ്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനുള്ള എം എല്‍ എയുടെ തന്ത്രമായിരുന്നു സിവില്‍ സ്റ്റേഷനിലെ കുത്തിയിരിപ്പ് സമരമെന്നാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ പറയുന്നത്. എ എല്‍ എക്ക് ഒരു ഫോണ്‍ വിളിയിലൂടെ പരിഹരിക്കാമായിരുന്ന വിഷയത്തില്‍ സമരത്തിനിറങ്ങിയത് കേവലം രാഷ്ട്രീയ നാടകമായിരുന്നുവെന്ന് തുറന്നു കാണിക്കാനാണ് ചാണക വെള്ള പ്രയോഗമെന്നും ഇതില്‍ ജാതീയ പ്രശ്‌നമില്ലെന്നുമാണ് അവരുടെ വിശദീകരണം. ചാണക വെള്ളം അശുദ്ധിയൊഴിവാക്കുമെന്നും അതുപയോഗിക്കുന്നത് ജാതീയമായ അധിക്ഷേപമാണെന്നും നിയമത്തില്‍ എവിടെയെങ്കിലും പറയുന്നുണ്ടോ? ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു.

ന്യായവാദങ്ങളൊക്കെ ശരിതന്നെ. എന്നാല്‍ താഴ്ന്ന ജാതിക്കാര്‍ ഇരിക്കുകയോ സ്പര്‍ശിക്കുകയോ ചെയ്യുന്ന ഇടങ്ങള്‍ അശുദ്ധമായി കാണുന്ന സവര്‍ണ ജാതിക്കാര്‍ അവിടം ശുദ്ധീകരിക്കാനുപയോഗിക്കുന്ന അയിത്ത വിശ്വാസത്തിന്റെ ഭാഗമായുള്ള ആചാരമാണ് ചാണക വെള്ളം തളി ശുദ്ധീകരണം. ഇത് നിരോധിച്ചിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിശിഷ്യാ ഉത്തരേന്ത്യയില്‍ ഈ ആചാരം വ്യാപകമായി നടന്നു വരുന്നുണ്ട് ഇപ്പോഴും. ഈയൊരു സമര രീതി തിരഞ്ഞെടുക്കുമ്പോള്‍ അത് ജാതി ചിന്തയുടെ അവശിഷ്ടമായി വ്യാഖ്യാനിക്കപ്പെടുക സ്വാഭാവികമാണ്. സാധാരണ ഗതിയില്‍ താണ ജാതിക്കാരെ അധമരായി കാണുന്നവരോ, കാലഹരണപ്പെട്ട അയിത്താചാരങ്ങളെ താലോലിക്കുന്ന സംഘ്പരിവാര്‍ സംഘടനകളോ ആണ് ചാണക വെള്ളം തളിയിലൂടെ പ്രതിഷേധം രേഖപ്പെടുത്താറുള്ളത്. ദേശീയ ഗാനത്തെ ചൊല്ലി സംവിധായകന്‍ കമലിന് നേരെ സംഘ്പരിവാര്‍ ഉയര്‍ത്തിയ ഭീഷണിക്കെതിരെ 2017 മെയില്‍ സാംസ്‌കാരിക കൂട്ടായ്മ കൊടുങ്ങല്ലൂര്‍ വടക്കെ നടയില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ വേദി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകം തളിച്ചു “ശുദ്ധീകരിച്ച” സംഭവമാണ് യൂത്ത് കോണ്‍ഗ്രസിന്റെ തൃപ്രയാറിലെ ചെയ്തി ഓര്‍മപ്പെടുത്തുന്നത്.

അന്ന് സംഘ്പരിവാറിന്റെ ചാണകം തളിക്കെതിരെ പ്രതിഷേധിച്ചവരുടെ കൂട്ടത്തില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുമുണ്ടായിരുന്നു. 2017 ഒക്‌ടോബറില്‍ റെയില്‍വേയുടെ അവഗണനക്കെതിരെ കൊടിക്കുന്നില്‍ സുരേഷ് കൊട്ടാരക്കരയില്‍ ഉപവാസ സമരം നടത്തിയ വേദിയില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചതിനെതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചിരുന്നു. കൊടിക്കുന്നില്‍ ദളിതനായതിനാലാണ് മഹിളാ മോര്‍ച്ചക്കാര്‍ ചാണകം തളിച്ചതെന്ന് ആരോപിച്ച കൊല്ലം ഡി സി സി, സംഭവത്തില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ പീഡനവിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നും അന്ന് ആവശ്യപ്പെട്ടിരുന്നതാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ ഗീതാ ഗോപി എം എല്‍ എക്കെതിരെ സംഘ്പരിവാറിന്റെ ജാതീയത മണക്കുന്ന സമര രീതി പിന്തുടരാതിരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. എം എല്‍ എയുടെ തൃപ്രയാര്‍ സിവില്‍ സ്റ്റേഷനിലെ പ്രതിഷേധം രാഷ്ട്രീയ നാടകമാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് വിശ്വസിക്കുന്നതെങ്കില്‍ അത് തുറന്നു കാണിക്കാന്‍ ചാണകം തളിയല്ലാതെ ജനാധിപത്യപരമായ മാര്‍ഗങ്ങള്‍ വേറെ എന്തെല്ലാമുണ്ട്? തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിയമ പ്രകാരം നിരോധിച്ച് ഏഴ് പതിറ്റാണ്ടോളമായെങ്കിലും ഇന്ത്യന്‍ ജനതയില്‍ 27 ശതമാനവും അയിത്താചാരങ്ങളില്‍ വിശ്വസിക്കുന്നുവെന്നാണ് ഒരു സര്‍വേ ഫലം കാണിക്കുന്നത്.ബ്രാഹ്മണരില്‍ 52 ശതമാനവും ഇന്നും തൊട്ടുകൂടായ്മ ആചരിക്കുന്നവരാണ്. മാത്രമല്ല കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ പുണ്യാഹ ക്രിയകള്‍ തൊട്ടുള്ള സകല ജാതീയ ആചാരങ്ങളും തിരിച്ചു കൊണ്ടുവരാനുള്ള അണിയറ പ്രവര്‍ത്തനങ്ങളും സജീവമായിട്ടുണ്ട്. അവരുടെ ചെയ്തികള്‍ക്ക് അംഗീകാരവും പ്രോത്സാഹനവും നല്‍കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ രാജ്യത്തെ മതേതര കക്ഷി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതാണ്.

Latest