Connect with us

International

ബ്രസീല്‍ ജയിലില്‍ കലാപം: 57 തടവുകാര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ബ്രസീലിയ: ബ്രസീലില്‍ ഏറ്റവും കൂടുതല്‍ തടവുകാരെ പാര്‍പ്പിച്ച പാരസ്റ്റേറ്റിലെ അല്‍താമിറ ജയിലില്‍ വന്‍ സംഘര്‍ഷം. 57 തടവുകാര്‍ കൊല്ലപ്പെട്ടു. കള്ളക്കടത്ത്, മയക്ക്മരുന്ന് കേസുകളില്‍ തടങ്കലില്‍ കഴിയുന്ന ഇരു വിഭാഗം മാഫിയ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് വലിയ കലാപമായി മാറിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് രാജ്യത്തെ നടുക്കിയ ജയില്‍ കലാപം അരങ്ങേറിയത്. രാജ്യത്തെ പ്രമുഖ മാഫിയാ സംഘങ്ങളായ കമാന്‍ഡോ ക്ലാസിലേയും റെഡ് കമാന്‍ഡിലെയും അംഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. വര്‍ഷങ്ങളായി പരസ്പരം പോരടിക്കുന്ന വിഭാഗങ്ങളാണ് അഞ്ച് മണിക്കൂറോളം ജയിലില്‍ ഏറ്റുമുട്ടിയത്.
കലാപത്തിന് ശേഷം നടത്തിയ പരിശോധനയില്‍ കണ്ടത് ദാരുണ സംഭവങ്ങളായിരുന്നു. 16 മൃതദേഹങ്ങള്‍ തലവെട്ടി മാറ്റിയ നിലയിലായിരുന്നു. കമാന്‍ഡോ ക്ലാസ് വിഭാഗത്തിലെ തടവുകാര്‍ ജയിലിന് തീവച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയും പൊള്ളലേറ്റുമാണ് ഭൂരിഭാഗവും മരിച്ചത്.
രണ്ട് ജയില്‍ ജീവനക്കാരെ കലാപകാരികള്‍ തടഞ്ഞുവച്ചെങ്കിലും പിന്നീട് വിട്ടയച്ചുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിവരങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു.
ബ്രസിലീലെ ജയിലുകളില്‍ മുമ്പും ഇത്തരത്തിലുള്ള ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. കഴിഞ്ഞ മെയില്‍ 55 പേരും 2017ല്‍ 150 പേരും ജയില്‍ കലാപങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Latest