Connect with us

International

ഹോങ്കോങ്ങിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം അതിഭീകരമെന്ന് ചൈന

Published

|

Last Updated

ഹോങ്കോങ് സിറ്റി: ഹോങ്കോങ്ങിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ ശക്തമായി അപലപിച്ച് ചൈന. പ്രക്ഷോഭത്തെ അതിഭീകര സംഭവമെന്ന് വിശേഷിപ്പിച്ച ചൈന, പ്രക്ഷോഭം നിയമനിര്‍വഹണ രംഗത്ത് ഗുരുതരമായ പരുക്കേല്‍പ്പിച്ചുവെന്നും ആരോപിച്ചു. മേഖലയില്‍ സാമൂഹികക്രമം പുനസ്ഥാപിക്കാനാണ് പ്രഥമപരിഗണനയെന്ന് ഹോങ്കോങ്ങിലെ ചൈനയുടെ ഒരു നയതന്ത്ര വക്താവ് പറഞ്ഞു. ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കാണ് ഹോങ്കോങ്ങ് വേദിയായത്.

ഞായറാഴ്ച പ്രതിഷേധക്കാരും പോലീസും തെരുവില്‍ ഏറ്റ്മുട്ടി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. അതേ സമയം പ്രക്ഷോഭത്തെ ശക്തമായി അപലപിക്കുക്കുന്ന ചൈന ഹോങ്കോങ്ങിന്റെ നേതാവ് കാരി ലാമിനുള്ള പിന്തുണ നിരവധി തവണ ആവര്‍ത്തിക്കുകയും ചെയ്തു. കുറ്റവാളികളെന്ന് സംശയിക്കുന്നവരെ ചൈനക്ക് കൈമാറാനുള്ള ഹോങ്കോങ്ങ് സര്‍ക്കാറിന്റെ നിയമഭേദഗതി നീക്കത്തിനെതിരെയാണ് പൊതുജനം തെരുവില്‍ പ്രതിഷേധിക്കുന്നത്. ബില്ലിനെതിരെ പ്രതിഷേധക്കാര്‍ റോഡുകള്‍ ബ്ലോക്ക് ചെയ്തും സര്‍ക്കാര്‍ മന്ദിരങ്ങളിലേക്ക് ഇരച്ചുകയറിയും പ്രതിഷേധിച്ചു. തുടര്‍ന്ന് ബില്ല് തല്‍ക്കാലം മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. എന്നാല്‍ നീക്കത്തില്‍നിന്നും സര്‍ക്കാര്‍ പൂര്‍ണമായും പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയായിരുന്നു.

Latest