ഉന്നാവോ ബലാത്സംഗ ഇരക്ക് അപകടത്തില്‍ ഗുരുതര പരുക്കേറ്റ സംഭവം: ബിജെപി എംഎല്‍എക്കെതിരെ കേസ്

Posted on: July 29, 2019 7:01 pm | Last updated: July 30, 2019 at 9:57 am

ലക്‌നൗ: ഉന്നാവോ ബലാത്സംഗ കേസിലെ ഇരക്ക് വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ സംഭവത്തില്‍ ബിജെപി എംഎല്‍എക്കെതിരെ കേസെടുത്തു. ബലാത്സംഗ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കുല്‍ദീപ് സെന്‍ഗാറിനെതിരെയാണ് കേസെടുത്തത്. അപകടത്തില്‍ കുല്‍ദീപിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് കേസെടുത്തത്. സംഭവത്തില്‍ കുല്‍ദീപിന് പുറമെ സഹോദരന്‍ മനോജ് സിങിനും മറ്റ് എട്ടുപേര്‍ക്കെതിരേയും യുപി പോലീസ് കേസെടുത്തിട്ടുണ്ട്.

ഒരു വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന കുല്‍ദീപും സഹോദരനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അപകടമെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇരയായ പെണ്‍കുട്ടിയേയും സാക്ഷികളേയും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടപ്പിലാക്കിയതാണ് അപകടമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും പ്രതിപക്ഷ പാര#്ട്ടികളും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതമായത്. ഞായറാഴ്ചയാണ് പെണ്‍കുട്ടിയും അഭിഭാഷകനും ബന്ധുക്കളും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചുണ്ടായ അപകടമുണ്ടായത്. അപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും രണ്ട് ബന്ധുക്കള്‍ മരിക്കുകയുമുണ്ടായി. 2017ലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. ജോലി തേടി ബന്ധുവിനൊപ്പം എംഎല്‍എയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. പിതാവ്വ കൊല്ലപ്പെട്ട സംഭവത്തിലാണ് എംഎല്‍എയുടെ സഹോദരന്‍ തടവില്‍ കഴിയുന്നത്.