Connect with us

Ongoing News

കര്‍ണാടക സഭയില്‍ ശബ്ദവോട്ടോടെ വിശ്വാസം നേടി യെദ്യൂരപ്പ

Published

|

Last Updated

കര്‍ണാടക: അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ട് നേടി ബി എസ് യെദിയൂരപ്പ. മുഖ്യമന്ത്രി അവതരിപ്പിച്ച ഒറ്റവരി വിശ്വാസ പ്രമേയം ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. 17 വിമതര്‍ അയോഗ്യരായതോടെ കേവല ഭൂരിപക്ഷത്തില്‍ എത്താന്‍ ബി ജെ പിക്ക് വെല്ലുവിളിയുണ്ടായില്ല. കേവലഭൂരിപക്ഷത്തിന് 104 അംഗങ്ങളുടെ പിന്തുണയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ 105 ബി ജെ പി അംഗങ്ങള്‍ക്ക് പുറമെ സ്വതന്ത്രന്‍ എച്ച് നാഗേഷും യെദിയൂരപ്പയെ പിന്തുണച്ചു.

അതിനിടെ വിശ്വാസ വോട്ടെടുപ്പ് നേടിയ യെദ്യൂരപ്പ സര്‍ക്കാറിന്റെ അവിശ്വാസ പ്രമേയത്തിന് കാത്ത് നില്‍ക്കാതെ സ്പീക്കര്‍ കെ ആര്‍ രമേശ്കുമാര്‍ രാജിവെച്ചു. സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു സ്പീക്കറുടെ രാജി. മുതിര്‍ന്ന നേതാക്കള്‍ക്ക് നന്ദി പറഞ്ഞ് സ്പീക്കര്‍ വിടവാങ്ങല്‍ പ്രസംഗം നടത്തി. ജനങ്ങളെ മനസ്സില്‍കണ്ട്, ഭരണഘടന അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക പ്രശ്‌നങ്ങളും വരള്‍ച്ചയെ തടയാലുമാണ് സര്‍ക്കാറിന്റെ മുമ്പിലുള്ള ആദ്യ ലക്ഷ്യമെന്ന് വിശ്വാസ വോട്ടെടുപ്പ് നേടിയ ശേഷം യെദ്യൂരപ്പ പ്രതികരിച്ചു. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ വേണമെന്നും യെദ്യൂരപ്പ ആവശ്യപ്പെട്ടു.

ഒരാഴ്ച്ചക്കിടെ രണ്ടാമത്തെ വിശ്വാസ വോട്ടെടുപ്പിനാണ് കര്‍ണാടക നിയമസഭ സാക്ഷ്യം വഹിച്ചത്. ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ ഇനി തീരുമാനം ഉണ്ടാകേണ്ടതുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ ജയിക്കുന്ന സീറ്റുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ബി ജെ പി സര്‍ക്കാറിന്റെ ഭാവി എന്നതും ശ്രദ്ധേയമാണ്.