ജാതിമാറി വിവാഹം: യുവാവിന്റെ കുടുംബത്തെ നഗ്‌നരാക്കി കെട്ടിയിട്ട് മര്‍ദിച്ചു

Posted on: July 29, 2019 11:53 am | Last updated: July 29, 2019 at 1:28 pm

ചെന്നൈ: തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ പ്രണയിച്ച്, ജാതിമാറി വിവാഹം കഴിച്ച യുവാവിന്റെ വീട്ടുകാരെ നഗ്‌നരാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു. ധര്‍മപുരിയിലെ പെണ്ണഗരം ഗ്രാമത്തിലാണ് ഉയര്‍ന്ന ജാതിയില്‍പ്പെട്ട വധുവിന്റെ കുടുബം വരന്റെ കുടുംബത്തെ അക്രമിച്ചത്. പിന്നാക്ക വിഭാഗമായ നവിതാര്‍ ജാതിയില്‍പ്പെട്ട വിവേകുമായി വണ്ണിയാര്‍ വിഭാഗത്തില്‍പ്പെട്ട പ്രിയ പ്രണയത്തിലാകുകയും ഒളിച്ചോടി വിവാഹിതരാകുകയുമായിരുന്നു. ഇവരുടെ ബന്ധത്തെ പ്രിയയുടെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നെങ്കിലും ഇത് അവഗണിച്ച് ജൂണ്‍ 21ന് പ്രിയ ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു.

ഒളിച്ചോട്ടത്തെ തുടര്‍ന്ന് പ്രിയയുടെ കുടുംബത്തിന് യുവാവിനോടും കുടുംബത്തിനോടും കടുത്ത വിരോധമുണ്ടായിരുന്നു. വണ്ണിയാര്‍ വിഭാഗത്തില്‍പ്പെട്ട യുവതിയുടെ കുടുംബം അക്രമിക്കുന്ന ഭയത്താല്‍ യുവാവിന്റെ കുടുംബം നാടുവിട്ട് മറ്റൊരിടത്തായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ എല്ലാ പ്രശ്‌നവും പരിഹരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി അക്രമിക്കുകയായിരുന്നു. പ്രയയുടെ വീട്ടിലെത്തിയ വിവേകിന്റെ എട്ട് ബന്ധുക്കളെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് നഗ്‌നരാക്കി മര്‍ദ്ദിച്ചതിന് ശേഷം വലിച്ചിഴച്ച് മരത്തില്‍ കെട്ടിയിടുകയായിരുന്നു.

ക്രൂര മര്‍ദനത്തിരയായിട്ടും ഇവര്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. ഇനിയും വണ്ണിയാര്‍ സമുദായം ആക്രമിക്കുമെന്ന ഭയത്താലാണ് പരാതി നല്‍കാത്തതെന്നാണ് റിപ്പോര്‍ട്ട്. സംഭവമറിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.