പിണറായി വിജയനെ ചീത്തവിളിക്കണമെന്ന് പറയുന്നവരുടെ താളത്തിനൊത്ത് തുള്ളാനാകില്ല: കാനം

Posted on: July 28, 2019 3:27 pm | Last updated: July 28, 2019 at 8:44 pm

കോഴിക്കോട് : ഇടതുപക്ഷ നിലപാടുകളില്‍ നിന്ന് മാറിപോകുന്നു എന്ന് തോന്നുമ്പോള്‍ താന്‍ സര്‍ക്കാറിനെ വിമര്‍ശിച്ചിട്ടുണ്ടെന്നും പക്ഷെ എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് പിണറായി വിജയനെ ചീത്തവിളിക്കണമെന്ന് പറയുന്നവരുടെ താളത്തിനൊത്ത് തുള്ളാന്‍ തനിക്കാവില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

എറണാകുളത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിനു ശേഷം ഉടന്‍ തന്നെ മുഖ്യമന്ത്രിയോട് ഇക്കാര്യം പറഞ്ഞിരുന്നു. രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ നടപടി ഉണ്ടാകുകയും ചെയ്തു. പാര്‍ട്ടി ഇടപെട്ടത് കൊണ്ടാണ് അത് ഉണ്ടായത്.

ലാത്തിച്ചാര്‍ജ്ജ് വിവാദം വന്നപ്പോള്‍ മാത്രമല്ല സെക്രട്ടറിയായി പെരുമാറേണ്ട സന്ദര്‍ഭങ്ങളിലെല്ലാം അത് ഉണ്ടായിട്ടുണ്ടെന്നും കാനം രാജേന്ദ്രന്‍ വിശദീകരിച്ചു. പോലീസ് നടപടി തെറ്റാണെന്നും അതിക്രമമാണെന്നും ജനപ്രതിനിധിയെ മര്‍ദിച്ചത് ശരിയായില്ലെന്നും കലക്ടറുടെ റിപോര്‍ട് വന്നതിനു ശേഷം സര്‍ക്കാര്‍ യുക്തമായ നടപടി സ്വീകരിക്കുമെന്നും കാനം പറഞ്ഞു.

തനിക്കെതിരെ പോസ്റ്ററൊട്ടിച്ചത് പാര്‍ട്ടി ബോധമില്ലാത്തവരാണെന്നായിരുന്നു ആലപ്പുഴയിലെ പോസ്റ്റര്‍ വിവാദത്തില്‍ കാനം രാജേന്ദ്രന്റെ പ്രതികരണം. പാര്‍ട്ടി പ്രതിരോധത്തിലായോ എന്ന ചോദ്യത്തിന് പോസ്റ്റര്‍ ഒട്ടിച്ചവര്‍ക്ക് പാര്‍ട്ടി ബോധമില്ലെങ്കില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നായിരുന്നു കാനത്തിന്റെ മറുപടി. സംഭവത്തില്‍ വളരെ വേഗം പ്രതികളെ കണ്ടെത്താനായെന്നും കേസ് മുന്നോട്ട് പോകുമെന്നും അദ്ധേഹം പറഞ്ഞു.