യെദിയൂരപ്പ സര്‍ക്കാറിനെ പിന്തുണക്കാന്‍ ജെ ഡി എസ് എം എല്‍ എമാര്‍ നിര്‍ദേശിച്ചുവെന്ന്; നിഷേധിച്ച് കുമാരസ്വാമി

Posted on: July 28, 2019 11:47 am | Last updated: July 28, 2019 at 7:25 pm

ബെംഗളൂരു: ബി ജെ പിയുമായി സഖ്യമുണ്ടാക്കണമെന്നും യെദിയൂരപ്പ സര്‍ക്കാറിനെ പിന്തുണക്കണമെന്നും ജെ ഡി എസ് എം എല്‍ എമാര്‍ നിര്‍ദേശിച്ചതായുള്ള വാര്‍ത്ത മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി നിര്‍ദേശിച്ചു. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും എം എല്‍ എമാരും പാര്‍ട്ടി പ്രവര്‍ത്തകരും ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ കുടുങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ് തങ്ങള്‍. അത് തുടരും.

പാര്‍ട്ടി എം എല്‍ എയും മുന്‍ മന്ത്രിയുമായ ജി ടി ദേവഗൗഡയാണ് യെദ്യൂരപ്പ സര്‍ക്കാറിനെ പിന്തുണക്കാമെന്ന് എം എല്‍ എമാര്‍ നിര്‍ദേശിച്ചതായി വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി കുമാരസ്വാമി ബെംഗളൂരുവില്‍ വിളിച്ചു ചേര്‍ത്ത എം എല്‍ എമാരുടെ യോഗത്തിലാണ് നിര്‍ദേശമുണ്ടായത്. പ്രതിപക്ഷത്ത് തുടരാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ബി ജെ പി സര്‍ക്കാറിന് പുറത്തുനിന്ന് പിന്തുണ നല്‍കാമെന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം. അന്തിമ തീരുമാനം കുമാരസ്വാമിക്ക് വിട്ടാണ് യോഗം പിരിഞ്ഞതെന്നും ജി ടി ദേവഗൗഡ പറഞ്ഞു.

എന്നാല്‍, കുമാരസ്വാമി അവതരിപ്പിച്ച ബജറ്റുമായി ബന്ധപ്പെട്ട ധനകാര്യ ബില്‍ പാസാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ജി ടി ദേവഗൗഡ ഇങ്ങനെ പറയുന്നതെന്നും അല്ലാത്ത ചര്‍ച്ചകളൊന്നും യോഗത്തില്‍ നടന്നിട്ടില്ലെന്നും കുമാരസ്വാമിയുടെ പിതാവും ജെ ഡി എസ് നേതാവുമായ എച്ച് ഡി ദേവഗൗഡ പറഞ്ഞു. സര്‍ക്കാര്‍ നല്ലതു പ്രവര്‍ത്തിച്ചാല്‍ പിന്തുണച്ചും എതിര്‍ക്കേണ്ടതിനെ എതിര്‍ത്തും ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.