Connect with us

Editorial

കയറ്റിവിടേണ്ടത് വിദ്വേഷ രാഷ്ട്രീയത്തെ

Published

|

Last Updated

കേരളത്തിലുമെത്തി ജയ്ശ്രീറാം വിളിയെച്ചൊല്ലിയുള്ള സംഘ്പരിവാറിന്റെ ആക്രോശങ്ങൾ. പ്രമുഖ ചലച്ചിത്രകാരനും സാംസ്‌കാരിക നായകനുമായ അടൂർ ഗോപാലകൃഷ്ണനെതിരെയാണ് സംസ്ഥാനത്തെ സംഘ്പരിവാർ നേതാക്കൾ പോർവിളിയുമായി രംഗത്തെത്തിയത്. അടൂരിന്റെ വീടിനു മുമ്പിൽ ചെന്നു ജയ്ശ്രീറാം വിളിക്കുമെന്നും അത് സഹിക്കാൻ പറ്റുന്നില്ലെങ്കിൽ അടൂരിന് ശ്രീഹരിക്കോട്ടയിൽ പേര് രജിസ്റ്റർ ചെയ്തു ചന്ദ്രനിലേക്ക് പോകാമെന്നുമാണ് ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന്റെ ഭീഷണി. ഇന്ത്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും എപ്പോഴും ഉയരും. അത് മുഴക്കാനാണത്രേ ജനങ്ങൾ ബി ജെ പിക്ക് വോട്ട് ചെയ്തത്. ഗാന്ധിജി ഇന്നുണ്ടായിരുന്നെങ്കിൽ അടൂരിന്റെ വീട്ടുപടിക്കൽ ഉപവാസം അനുഷ്ഠിക്കുമായിരുന്നുവെന്ന് അവകാശപ്പെടുന്ന ബി ജെ പി നേതാവ് കേന്ദ്രത്തിൽ നിന്ന് ഒന്നും കിട്ടാത്തത് കൊണ്ടാണ് അടൂരിന്റെ വിമർശനമെന്നും പറഞ്ഞുവെക്കുന്നു. രാജ്യം അംഗീകരിച്ച കലാകാരനെ അപഹസിക്കുകയാണ് ബി ജെ പി നേതാവ്. മുൻ ബി ജെ പി അധ്യക്ഷൻ കുമ്മനം രാജശേഖരനുൾപ്പെടെ മറ്റു ബി ജെ പി നേതാക്കളും അടൂരിനെ താറടിച്ചു രംഗത്തു വന്നിട്ടുണ്ട്.

ഹൈന്ദവ വിശ്വാസികൾ ഭക്ത്യാദരപൂർവം ഉച്ചരിക്കുന്ന “ജയ് ശ്രീറാം” പ്രകോപനപരമായ യുദ്ധകാഹളമായി ഉപയോഗപ്പെടുത്തുന്നതിനും സാമുദായികാടിസ്ഥാനത്തിലുള്ള അക്രമങ്ങളും കൊലകളും രാജ്യത്ത് വർധിച്ചു വരുന്നതിനുമെതിരെ ചലച്ചിത്ര മേഖലയിലെ പ്രമുഖർ പ്രധാനമന്ത്രിക്കു സമർപ്പിച്ച നിവേദനത്തിൽ ഒപ്പു വെച്ചതിനാണ് അടൂരിനെതിരായ സംഘ്പരിവാർ അധിക്ഷേപം. 91 പേർ കൊല്ലപ്പെടുകയും 579 പേർക്ക് പരുക്കേൽക്കുകയും ചെയ്ത, 2009 – 2018 കാലയളവിൽ നടന്ന അതിക്രമങ്ങൾക്ക് ഏറെയും ഇരയായത് രാജ്യത്തെ ന്യൂനപക്ഷ മതവിഭാഗങ്ങളാണ്. 62 ശതമാനവും മുസ്‌ലിംകളായിരുന്നു ഇതിലെ ഇരകൾ. 14 ശതമാനം ക്രിസ്ത്യാനികളും. 2014 മെയിൽ മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമാണ് ഇതിൽ 90 ശതമാനം സംഭവങ്ങളുമുണ്ടായതെന്നും ചൂണ്ടിക്കാട്ടുന്ന കത്ത് വംശീയതയുടെ പേരിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്കെതിരെ മാതൃകാപരമായ ശിക്ഷ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇത് ശിലായുഗമല്ല. രാമന്റെ പേര് ഭൂരിപക്ഷ മതവിഭാഗം വിശുദ്ധിയോടെ കാണുന്നതാണ്. ആ പേര് ഇത്തരത്തിൽ അശുദ്ധമാക്കാൻ അനുവദിക്കരുതെന്നും കത്ത് ആവശ്യപ്പെടുന്നു.

വസ്തുതാപരമാണ് കത്തിലെ പരാമർശങ്ങളത്രയും. വെറുപ്പിന്റെയും വർഗീയതയുടെയും രാഷ്ട്രീയമാണ് സംഘ്പരിവാറിന്റേത്. മതേതര ജനാധിപത്യ നയങ്ങളിലധിഷ്ഠിതമായ ആശയങ്ങളും നിലപാടുകളും മുന്നോട്ടു വെക്കാനില്ലാത്ത ബി ജെ പിയുടെയും സംഘികളുടെയും എക്കാലത്തെയും തുരുപ്പുചീട്ട് വർഗീയ വിഷയങ്ങളായിരുന്നു. തൊണ്ണുറുകളിൽ അവർ അയോധ്യാ പ്രശ്‌നം ആളിക്കത്തിച്ചു. ഒന്നാം മോദി സർക്കാറിന്റെ അധികാരാരോഹണത്തെ തുടർന്ന് കഴിഞ്ഞ അഞ്ച് വർഷക്കാലം പശുവായിരുന്നു അവരുടെ ആയുധം. അപ്പേരിൽ രാജ്യത്തുടനീളം അക്രമങ്ങൾ അഴിച്ചു വിടുകയും നിരവധി മുസ്‌ലിംകളെയും ദളിതുകളെയും നിഷ്ഠൂരമായി വധിക്കുകയും ചെയ്തു. “ജയ്ശ്രീറാം” അവരുടെ പുതിയ ആയുധമാണ്. അടുത്ത പൊതുതിരഞ്ഞെടുപ്പ് വരെയുള്ള അഞ്ച് വർഷക്കാലം “ജയ്ശ്രീറാമി”ന്റെ പേരിലുള്ള കൊലവിളികളും ആക്രോശങ്ങളും തുടർന്നു കൊണ്ടിരിക്കും.
ഈ വർഗീയ തേരോട്ടത്തിൽ സാധാരണക്കാർ മാത്രമല്ല, ജനപ്രതിനിധികൾ പോലും വേട്ടയാടപ്പെടുന്നു. കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ ബി ജെ പി മന്ത്രി സി പി സിംഗ്, സംസ്ഥാനത്തെ കോൺഗ്രസ് എം എൽ എ ഇർഫാൻ അൻസാരിയെ തടഞ്ഞു വെച്ചു ജയ്ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുന്ന രംഗം ചാനലുകളിൽ വന്നതാണ്.

“നിങ്ങളുടെ ആളുകൾ രാമന്റെ ആളുകളായിരുന്നു, ബാബറിന്റേത് അല്ല. നിങ്ങൾ ഉച്ചത്തിൽ ജയ്ശ്രീറാം വിളിക്കണ”മെന്നാണ് സിംഗ് ധിക്കാരപൂർവം ഖാനോട് ആവശ്യപ്പെട്ടത്. “ശ്രീരാമന്റെ നാമം നിങ്ങൾ ജനങ്ങളെ ഭയപ്പെടുത്താൻ ഉപയോഗിക്കുകയാണോ” എന്ന മറുചോദ്യത്തോടെയാണ് ഇൻഫാൻ അൻസാരി സിംഗിനെ നേരിട്ടത്. ദൈവനാമം ജനങ്ങളുടെ മുമ്പിൽ അപകീർത്തിപ്പെടുത്തുകയാണ് നിങ്ങൾ. ജയ്ശ്രീറാം വിളിയല്ല, തൊഴിൽ, വൈദ്യുതി, കുടിവെള്ളം, അഴുക്കുചാൽ തുടങ്ങിയവയാണ് ഇപ്പോൾ ആവശ്യമെന്നും അൻസാരി തിരിച്ചടിക്കുകയും ചെയ്തു. മറ്റു എം എൽ എമാർ ഇടപെട്ടാണ് പ്രശ്‌നം വഷളാകാതെ രംഗം ശാന്തമാക്കിയത്. ഝാർഖണ്ഡിൽ തന്നെയാണ് അടുത്തിടെ തബ്‌രീസ് അൻസാരി എന്ന ഗ്രാമീണനെ സംഘ്പരിവാർ പ്രവർത്തകർ ജയ്ശ്രീറാം വിളിപ്പിക്കുകയും ക്രൂരമായി മർദിച്ചു കൊല്ലുകയും ചെയ്തത്.

സംഘ്പരിവാറിന്റെ വർഗീയ അജൻഡകൾ കേരളത്തിൽ ഇതുവരെ വിലപ്പോയിട്ടില്ല. എങ്കിലും കിട്ടുന്ന അവസരങ്ങളെല്ലാം അവർ ഉപയോഗപ്പെടുത്തുന്നുണ്ട്. സാംസ്‌കാരിക, സാഹിത്യ നായകന്മാർക്കു നേരെ പോലും ഇത് പ്രയോഗിക്കുന്നു. എം ടി വാസുദേവൻ നായരും സംവിധായകൻ കമലുമെല്ലാം ഇതിനു മുമ്പ് സംഘ്പരിവാറിന്റെ ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്.

സ്വാമി അഗ്നിവേഷ് അഭിപ്രായപ്പെട്ടതു പോലെ സംഘ്പരിവാറിന്റെ വർഗീയ പ്രചാരണങ്ങൾക്കു തടയിട്ടില്ലെങ്കിൽ പ്രളയത്തേക്കാൾ വലിയ ദുരന്തമായിരിക്കും സംസ്ഥാനം അനുഭവിക്കേണ്ടി വരിക. പ്രളയം കാര്യമായും കേരളത്തിലെ വിളകൾക്കും സാധനസാമഗ്രികൾക്കുമാണ് നാശം വരുത്തിയത്. സംഘ്പരിവാർ നേതാക്കളുടെ വിഷംചീറ്റൽ സംസ്ഥാനത്തിന്റെ സാമൂഹികാന്തരീക്ഷം തന്നെ തകർക്കും. നവോത്ഥാന മുന്നേറ്റങ്ങളുടെ മഹത്തായ പൈതൃകവും സാംസ്‌കാരിക മുന്നേറ്റത്തിന്റെ തെളിമയാർന്ന ചരിത്രവും അവകാശപ്പെടുന്ന കേരളത്തിന്റെ സമാധാനാന്തരീക്ഷം തകരാതെ കാത്തു സൂക്ഷിക്കണമെങ്കിൽ സംഘ്പരിവാറിന്റെ വിദ്വേഷ, വർഗീയ രാഷ്ട്രീയത്തിനെതിരെ മതേതര രാഷ്ട്രീയ നേതൃത്വം കൂടുതൽ ജാഗരുകരാകുകയും സാംസ്‌കാരിക നായകർ കൂടുതൽ പ്രതികരണ ശേഷി കൈവരിക്കുകയും ചെയ്യേണ്ടതുണ്ട്. അടൂരിനെയല്ല, വർഗീയ രാഷ്ട്രീയത്തെയാണ് ഇവിടെ നിന്നു നാടുകടത്തേണ്ടത്.

Latest