കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എസ് ജയ്പാല്‍ റെഡ്ഢി അന്തരിച്ചു

Posted on: July 28, 2019 9:48 am | Last updated: July 28, 2019 at 7:25 pm

ഹൈദരാബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എസ് ജയ്പാല്‍ റെഡ്ഢി (77) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച പുലര്‍ച്ചെയാണ് വിടവാങ്ങിയത്.

തെലങ്കാനയിലെ നല്‍ഗോണ്ടയിലാണ് റെഡ്ഢിയുടെ ജനനം. അഞ്ചു തവണ എം പിയും നാലു തവണ എം എല്‍ എയുമായി. 1990 മുതല്‍ 96 വരെയും 97 മുതല്‍ 98 വരെയും രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചു. ഇടക്കാലത്ത് കോണ്‍ഗ്രസ് വിട്ട് ജനതാ പാര്‍ട്ടിയില്‍ അംഗമായ അദ്ദേഹം 1980ല്‍ ഇന്ദിരാ ഗാന്ധിക്കെതിരെ മേദക് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1985-88 കാലയളവില്‍ ജനതാ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു.

ഗുജ്‌റാള്‍ സര്‍ക്കാറിലും യു പി എയുടെ രണ്ട് സര്‍ക്കാറുകളിലും മന്ത്രിയായിരുന്നു. വാര്‍ത്താ വിതരണം. പെട്രോളിയം തുടങ്ങിയ വകുപ്പുകളുടെ ചുമതലയാണ് അദ്ദേഹം നിര്‍വഹിച്ചത്.