നാട്ടിലെ ധൂര്‍ത്തും പാപ്പരാകുന്ന ഗള്‍ഫ് മലയാളികളും

Posted on: July 27, 2019 8:36 pm | Last updated: July 27, 2019 at 8:36 pm

നാട്ടില്‍ ധൂര്‍ത്ത് വര്‍ധിച്ചുവരികയാണ്. ഗള്‍ഫ് മലയാളികളാണ് പ്രതിക്കൂട്ടില്‍. കുറേക്കാലം മരുഭൂവാസം കഴിഞ്ഞു അവധിക്കു നാട്ടിലെത്തുമ്പോള്‍ നല്ല നാടന്‍ ഭക്ഷണം കഴിക്കുന്നതോ ദരിദ്രരെ മനസറിഞ്ഞു സഹായിക്കുന്നതോ അല്ല ഇവിടെ വിവക്ഷ. വിവാഹം, ഭവന നിര്‍മാണം തുടങ്ങിയ ഇടങ്ങളിലെ ദുര്‍വ്യയമാണ്. വിവാഹത്തിലെ ധൂര്‍ത്ത് അവസാനിപ്പിക്കാന്‍ മഹല്ല് കമ്മിറ്റികളും കരയോഗങ്ങളും ഇടവകകളും മറ്റും തീരുമാനമെടുത്തിട്ടുണ്ടെങ്കിലും നടപ്പാകുന്നില്ല. പലരും പുതിയ രീതികള്‍ കൊണ്ടു വരികയാണ്. പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം എത്തിക്കുന്നതാണ് അതിലൊന്ന്. മുമ്പ്, നാട്ടിലുള്ള പാചകക്കാര്‍ രണ്ടോ മൂന്നോ വിഭവങ്ങള്‍ ഒരുക്കിയാണ് അതിഥികളെ സത്കരിച്ചിരുന്നത്. ഇന്ന് സാധാരണക്കാര്‍ പോലും, ഗള്‍ഫ് നാടുകളിലെ വിഭവങ്ങള്‍ വിളമ്പി ആഢംബരം കാട്ടുന്നു.

വിവാഹാഘോഷത്തിനു ഗള്‍ഫില്‍ നിന്ന് കണ്ടമാനം സുഹൃത്തുക്കളെ നാട്ടിലെത്തിച്ചു പൊങ്ങച്ചപ്രദര്‍ശനം നടത്തുന്നു. ഉറ്റവരായ കുറച്ചു പേരെ വിവാഹത്തിന് ക്ഷണിച്ചു കൊണ്ടുപോകുന്നത് പോലെയല്ല ഇത്. ഗള്‍ഫിലെ സ്വാധീന പ്രദര്‍ശനത്തിന് കുടുംബത്തിലെ വിവാഹത്തെ ഉപാധിയാക്കുകയാണ്. പതുക്കെ ഇതൊരു ആചാരമായി മാറും. ഭക്ഷണത്തിലെ ധൂര്‍ത്തിനെക്കുറിച്ചു സന്തോഷ് ഏച്ചിക്കാനം എഴുതിയ ബിരിയാണി എന്ന കഥ കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. പക്ഷേ അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുന്നില്ല. വിലകൂടിയ വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും പിന്നാലെയാണ് ആളുകള്‍. ഓണ്‍ലൈന്‍ വഴി എന്തും ലഭിക്കുന്ന കാലം. ബേങ്കുകള്‍ യഥേഷ്ടം ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നു. അതുകൊണ്ട്, താങ്ങാനാകുന്നതിന്റെ അപ്പുറത്തെ ഭാരം വലിക്കുകയാണ്. ആഢംബര കാറുകള്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഗള്‍ഫ് മലയാളികളാണ് മുന്‍പന്തിയില്‍. ഇതിന് ബേങ്ക് വായ്പയെ ആശ്രയിക്കുന്നു. തിരിച്ചടക്കാന്‍ കഴിയാതെ ജപ്തി ഭീഷണി നേരിടുന്ന അനേകം പേരുണ്ട്.

വിവാഹ വിരുന്നുകളുടെ എണ്ണം കൂട്ടാന്‍ എല്ലാ മതസ്ഥരും പരസ്പരം മത്സരിക്കുന്നു. വിവാഹ നിശ്ചയം പോലും കല്യാണം പോലെയാണ്. തിരുവിതാംകൂര്‍ ഭാഗത്തു അടുക്കള കാണല്‍, വടക്കന്‍ കേരളത്തില്‍ മണിയറ കാണല്‍ എന്നിങ്ങനെ ആവശ്യമില്ലാത്ത പല ചടങ്ങുകള്‍. വാസ്തവത്തില്‍, അറബി സമൂഹത്തില്‍ ഇത്തരം ചടങ്ങുകളില്ല. പരമാവധി ഒരു രാത്രിയില്‍ ഭവനം അലങ്കരിച്ച് അതിഥികള്‍ക്ക് ഭക്ഷണം നല്‍കി ചടങ്ങു തീര്‍ക്കും. സ്ത്രീധനമല്ല, പുരുഷ ധനമാണ് അറബ് സമൂഹത്തിലുള്ളതെന്നു ഏവര്‍ക്കും അറിവുള്ളതാണല്ലോ ?സത്കരിക്കുന്നത് ഏറ്റവും വേണ്ടപ്പെട്ടവരെ. ഗള്‍ഫിലുള്ള ഇത്തരം നന്മകളെ വിസ്മരിക്കുകയും ഗള്‍ഫ് വിഭവങ്ങളെ നാട്ടില്‍ വിരുന്നിന്റെ ഭാഗമാക്കി പണം ധൂര്‍ത്തടിക്കുകയുമാണ് മലയാളികള്‍.

ഗള്‍ഫില്‍ ആഢംബര ഭവനം വളരെ കുറച്ചു പേരുടെ മാത്രം ലഹരിയാണ്. മിക്കവരും അത്യാവശ്യം സൗകര്യങ്ങളില്‍ തൃപ്തരാകും. വൃത്തിയും വെടിപ്പുമാണ് ശ്രദ്ധിക്കുന്നത്. അതേസമയം, ഗള്‍ഫില്‍ ഏറ്റവും കുറഞ്ഞ ശമ്പളം പറ്റുന്ന മലയാളി നാട്ടില്‍ വലിയ വീട് വെക്കാന്‍ മത്സരിക്കുന്നു. ഇതിനായി വായ്പ സംഘടിപ്പിക്കുന്നു. നാട്ടിലേക്കു തിരിച്ചു പോയാല്‍ കടം കാരണം മനഃസമാധാനത്തോടെ ആ വീട്ടില്‍ ഉറങ്ങാന്‍ കഴിയില്ല. വരവറിഞ്ഞല്ല ഗള്‍ഫ് മലയാളികള്‍ ചെലവ് ചെയ്യുന്നത്. ഭാവിയിലേക്ക് നീക്കിയിരുപ്പ് പ്രധാനമാണ്. ഒരു പുരുഷായുസ്സില്‍ അദ്ധ്വാനിച്ചു നേടിയത് മുഴുവന്‍ ഒരു വിവാഹത്തിനോ ഭവന നിര്‍മാണത്തിനോ ചെലവാക്കുന്ന മനോഭാവം മാറ്റേണ്ടതുണ്ട്. അത്യാവശ്യം സൗകര്യമുള്ള, അടച്ചുറപ്പുള്ള വീട്, എന്നതിനപ്പുറം രമ്യ ഹര്‍മങ്ങള്‍ കെട്ടിപ്പൊക്കേണ്ടതില്ല. അതിനുപകരം സ്വര്‍ണമോ വസ്തുവോ വാങ്ങി സൂക്ഷിക്കാം.

ഗള്‍ഫ് പണം പ്രത്യുത്പാദനപരമായ മേഖലകളിലേക്ക് തിരിച്ചുവിടാന്‍ കേരളീയര്‍ ഇനിയും ആലോചന നടത്തിയിട്ടില്ല. കേരളത്തിലെ ബേങ്കുകളില്‍ വിദേശത്തു നിന്നുള്ള നിക്ഷേപം ലക്ഷം കോടി കവിഞ്ഞിട്ടുണ്ട്. ഈ പണം കേരളീയ സമൂഹത്തിനു ഉതകുന്നില്ല. വടക്കേ ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ക്ക് വായ്പയായി പോകുന്നു. കേരളത്തില്‍ എന്തെങ്കിലും സംരംഭങ്ങള്‍ തുടങ്ങാന്‍ ഗള്‍ഫ് മലയാളികള്‍ ഗൗരവമായി ചിന്തിക്കേണ്ട സമയമായി. കേരളം വലിയ ഉപഭോഗ സംസ്ഥാനമായി മാറിയിരിക്കുന്നു. ഭാവിയില്‍ വിനോദ സഞ്ചാര മേഖലയില്‍ ലോകത്തു തന്നെ വന്‍ കുതിപ്പ് കൈവരിക്കും.

നാട്ടില്‍ ഒന്നും നടക്കില്ല എന്നൊരു അശുഭ മനോഭാവം പലരിലുമുണ്ട്. അതേസമയം ഇതര സംസ്ഥാനക്കാര്‍ എത്തി ജീവിതോപാധി കണ്ടെത്തുന്നുമുണ്ട്. അദ്ധ്വാനിക്കാന്‍ തയാറായാല്‍ കേരളം ചെറിയൊരു ഗള്‍ഫാണ്. ഗള്‍ഫ് മലയാളികള്‍ ആദ്യം വേണ്ടത്, ധൂര്‍ത്തവസാനിപ്പിക്കുക എന്നതാണ്. ചില്ലറ നാണയത്തുട്ടുകളെങ്കിലും സ്വരുക്കൂട്ടി വെക്കുക.