താന്‍ ആരുടേയും തടവറയിലല്ല; ആരോപണങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാര്‍: കാനം

Posted on: July 27, 2019 3:02 pm | Last updated: July 27, 2019 at 3:17 pm

കണ്ണൂര്‍: താന്‍ ആരുടേയും തടവറയിലല്ലെന്നും തനിക്ക് നേരെ പെട്ടെന്നുണ്ടായ ആരോപണങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാരാണെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മകന്‍ അഴിമതി നടത്തിയെന്നും അതുമായി ബന്ധപ്പെട്ട ബ്ലാക്ക് മെയിലിംഗാണ്തന്റെ മൗനങ്ങള്‍ക്ക് പിന്നിലെന്നുമുള്ള ആരോണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കാനം. സിപിഎമ്മിന്റെ തടവറയിലാണ് കാനം എന്ന് ചിലര്‍ ആരോപിച്ചതായി ചൂണ്ടിക്കാണിച്ചപ്പോള്‍ ഈ  വയസ്സ് കാലത്തിനി എന്നെയെന്തിന് ബ്ലാക്‌മെയില്‍ ചെയ്യാനാണൊന്നായിരുന്നു കാനത്തിന്റെ പ്രതികരണം. ഇക്കാര്യങ്ങള്‍ പത്രങ്ങളില്‍ വരുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് തനിക്കറിയില്ലെന്നും അത് പറഞ്ഞവരോട് ചോദിക്കണമെന്നും കാനം വ്യക്തമാക്കി.

കാനം രാജേന്ദ്രന്റെ മകന്‍ സിവില്‍ സപ്ലൈസിലേക്ക് ഭക്ഷ്യവസ്തുകള്‍ വിതരണം ചെയ്യുന്നതിനുള്ള കരാര്‍ ഏറ്റെടുക്കുകയും അതില്‍ വന്‍ അഴിമതി കാണിക്കുകയും ചെയ്തുവെന്നും ഈ അഴിമതി വച്ച് സി പി എം കാനത്തെ വിരട്ടി നിര്‍ത്തിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു. എനിക്ക് മകനുണ്ടായതും അവന് പ്രായപൂര്‍ത്തിയായതും ഇപ്പോഴല്ലെന്നും ഇതുവരെയില്ലാത്ത ആരോപണങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്നതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ ഉണ്ടാകുമെന്നും കാനം വ്യക്തമാക്കി. പാര്‍ട്ടി ഓഫീസിന്റെ മതിലില്‍ പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും കാനം പറഞ്ഞു.

എല്‍ദോ എബ്രാഹം എം എല്‍ എയെ സന്ദര്‍ശിച്ചിരുന്നു. അദ്ധേഹത്തെ പോലീസ് മര്‍ദ്ദിച്ചതിന് ഇനി തെളിവിന്റെ ആവശ്യമൊന്നുമില്ല. പോലീസിന്റെ റിപ്പോര്‍ട്ട് ഞങ്ങള്‍ മുഖവിലക്ക് എടുക്കുന്നുമില്ല. ഏതൊരു കാര്യത്തിലും നടപടിയെടുക്കുന്നതിന് മുമ്പ് സര്‍ക്കാരിന് ഒരു റിപ്പോര്‍ട്ട് ആവശ്യമാണ്. പോലീസ് ഉദ്യോഗസ്ഥരല്ല അന്വേഷണം നടത്തുന്നതെന്നും കലക്ടര്‍ അന്വേഷണം നടത്തുന്നുണ്ടെന്നും കലക്ടറുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷമെ മറ്റു നടപടികളും പ്രതികരണങ്ങളും ഉണ്ടാകൂ എന്നും കാനം പ്രതികരിച്ചു.