എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

Posted on: July 27, 2019 9:31 am | Last updated: July 27, 2019 at 1:07 pm

കൊച്ചി: ഡിഐജി ഓഫീസ് മാര്‍ച്ചിനിടെ ഉണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. എംഎല്‍എയുടെ ഇടതു കൈയ്യുടെ എല്ലുകള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഈ റിപ്പോര്‍ട്ട് തഹസീല്‍ദാര്‍ കലക്ടര്‍ക്ക് കൈമാറി. എംഎല്‍എയുടെ പരുക്കിനെക്കുറിച്ച് അന്വേഷണം വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു.എംഎല്‍എക്കും പ്രവര്‍ത്തകര്‍ക്കും കാര്യമായി പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. റിപ്പോര്‍ട്ട് തിങ്കളാള്ച മുഖ്യമന്ത്രിക്ക് കൈമാറും. അതേ സമയം ഡിഐജി ഓഫീസ് മാര്‍ച്ച് ലാത്തിച്ചാര്‍ജ് വിവാദത്തില്‍ എറണാകുളം ജില്ലാ സെക്രട്ടറിക്ക് വീഴ്ചയെന്ന് സിപിഐ സംസ്ഥാന നേതൃത്വം. ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത് പാര്‍ട്ടി അറിയാതെയാണെന്ന് സംസ്ഥാന നേതൃത്വം പറയുന്നു. പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിനാണ് സംസ്ഥാനകമ്മിറ്റി അനുമതി നല്‍കിയതെന്നാണ് വിശദീകരണം. അക്രമം ഇല്ലാതെ സമാധാനപരമായ മാര്‍ച്ചിനായിരുന്നു നിര്‍ദേശമെന്നും ജില്ലാകമ്മിറ്റി ഈ നിര്‍ദേശം അട്ടിമറിച്ചെന്നും സംസ്ഥാനനേതൃത്വം ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിലും മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും സംസ്ഥാന നേതൃത്വത്തിനെതിരെ കനത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടി തീരുമാനത്തെയാണ് കാനം രാജേന്ദ്രന്‍ തള്ളിപ്പറഞ്ഞതെന്നും ലാത്തിചാര്‍ജ് വിഷയത്തില്‍ സിപിഐ സംസ്ഥാന നേതൃത്വം പരസ്യമായി മാപ്പ് പറയണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയത്.