Connect with us

Ongoing News

182 എത്തിപ്പിടിക്കാനായില്ല; ചരിത്ര വിജയം സ്വന്തമാക്കാനാകാതെ അയര്‍ലന്‍ഡ്

Published

|

Last Updated

ലണ്ടന്‍: ലോകചാമ്പ്യന്മാരെ ആദ്യ ഇന്നിംഗ്‌സില്‍ വെറും 85 റണ്‍സിനു പുറത്താക്കി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച നവാഗതര്‍ക്കു പക്ഷെ, ചരിത്ര വിജയം എത്തിപ്പിടിക്കാനായില്ല. 182 റണ്‍സെന്ന അനായാസ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയര്‍ലന്‍ഡ് വന്‍ തിരിച്ചുവരവു നടത്തിയ ഇംഗ്ലണ്ടിന്റെ ബൗളിംഗ് ആക്രമണത്തില്‍ 38 റണ്‍സിന് മൂക്കുകുത്തി വീണു. ചതുര്‍ദിന ടെസ്റ്റില്‍ 143 റണ്‍സിന്റെ വന്‍ തോല്‍വിയാണ് അയര്‍ലന്‍ഡ് ഏറ്റുവാങ്ങിയത്. ടെസ്റ്റിലെ കന്നിക്കാര്‍ കുറിച്ച 38 റണ്‍സ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ ആറാമത്തെ സ്‌കോറാണ്.

ആദ്യ ഇന്നിംഗ്‌സില്‍ 85 റണ്‍സിനു വീണ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് 303ല്‍ അവസാനിച്ചിരുന്നു. തങ്ങളുടെ ഒന്നാം ഇന്നിംഗ്‌സില്‍ 207 റണ്‍സ് നേടിയ അയര്‍ലന്‍ഡ് വിജയ ലക്ഷ്യം നേടുക തന്നെ ചെയ്യുമെന്നാണ് പൊതുവെ കരുതിയിരുന്നത്. എന്നാല്‍, 15.4 ഓവറില്‍ എല്ലാം തീര്‍ന്നു. 11 റണ്‍സെടുത്ത ഓപ്പണര്‍ ജയിംസ് മക്കല്ലം മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. പോള്‍ സ്‌റ്റെര്‍ലിങ്, ഗാരി വിത്സണ്‍, ആന്‍ഡി മക്ബ്രീന്‍ എന്നിവര്‍ അക്കൗണ്ട് തുറക്കാനാകാതെ പുറത്തായി. വില്യം പോര്‍ട്ടര്‍ഫീല്‍ഡ് (രണ്ട്), ആന്‍ഡ്രൂ ബാല്‍ബിര്‍ണി (അഞ്ച്), കെവിന്‍ ഒബ്രീന്‍ (നാല്), സ്റ്റിയുവര്‍ട്ട് തോംസണ്‍ (നാല്), മാര്‍ട്ട് അദെയ്ര്‍ (എട്ട്), ടിം മുര്‍ത്തഗ് (രണ്ട്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റുകള്‍ പിഴുത ക്രിസ് വോക്‌സാണ് അയര്‍ലന്‍ഡിനെ തകര്‍ത്തത്. ബാക്കി നാലു വിക്കറ്റുകള്‍ 19 റണ്‍സ് വഴങ്ങി സ്റ്റുവര്‍ട്ട് ബ്രോഡ് സ്വന്തമാക്കി. രണ്ടാം ദിനത്തില്‍ 303 റണ്‍സിന് ഒമ്പത് എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിന്റെ അവസാന വിക്കറ്റ് ഇന്ന്ആദ്യ പന്തില്‍ തന്നെ കടപുഴക്കാന്‍ അയര്‍ലന്‍ഡിന് കഴിഞ്ഞിരുന്നു. ഒലി സ്റ്റോണാണ് പുറത്തായത്.

Latest