കവി ആറ്റൂര്‍ രവിവര്‍മ അന്തരിച്ചു

Posted on: July 26, 2019 6:18 pm | Last updated: July 27, 2019 at 10:33 am

തൃശൂര്‍: കവി ആറ്റൂര്‍ രവിവര്‍മ (88) അന്തരിച്ചു. ന്യൂമോണിയ ബാധിതനായി തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് വൈകീട്ടാണ് വിടവാങ്ങിയത്. വിവര്‍ത്തകന്‍ കൂടിയായ ആറ്റൂര്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം തുടങ്ങിയവക്ക് അര്‍ഹനായിട്ടുണ്ട്. കവിത, ആറ്റൂര്‍ രവിവര്‍മയുടെ കവിതകള്‍ എന്നീ കവിതാ സമാഹാരങ്ങളും ജെ ജെ ചില കുറിപ്പുകള്‍, ഒരു പുളിമരത്തിന്റെ കഥ, നാളെ മറ്റൊരു നാള്‍ തുടങ്ങിയ വിവര്‍ത്തന ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെതായുണ്ട്.

1930 ഡിസംബര്‍ 27ന് തൃശൂര്‍ ജില്ലയിലെ ആറ്റൂര്‍ ഗ്രാമത്തില്‍ കൃഷ്ണന്‍ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് ജനിച്ചത്. വിവിധ സര്‍ക്കാര്‍ കോളജുകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1976-81 കാലയളവില്‍ കോഴിക്കോട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായി പ്രവര്‍ത്തിച്ചു. 2002 മുതല്‍ 2007 വരെ സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു. ഭാര്യ: ശ്രീദേവി