Connect with us

National

ആള്‍കൂട്ട ആക്രമണം തടയാന്‍ എന്ത് നടപടി സ്വീകരിച്ചു; കേന്ദ്ര- സംസ്ഥാനങ്ങളോട് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി:രാജ്യത്ത് ദളിതര്‍ക്കും മുസ്ലിങ്ങള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന ആള്‍കൂട്ട ആക്രമണങ്ങള്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രത്തിനും പത്ത് സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദേശം. ആള്‍കൂട്ട ആക്രമണം നതടയുന്നതില്‍ സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച നിര്‍ദേശം സംസ്ഥാനങ്ങള്‍ നടപ്പിലാക്കുന്നില്ലെന്ന ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയിലാണ് നിര്‍ദേശം. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ പത്ത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാറിനും പുറമെ ദേശീയ മനുഷ്യാവകാശ കമ്മീഷനും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്.

ആള്‍കൂട്ട ആക്രമണങ്ങള്‍ തയാന്‍ ശക്തമായ നടപടികള്‍ സര്‍ക്കാറുകള്‍ സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ നിയമ നിര്‍മാണം വേണമെന്നും സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇത് നടപ്പിലാകാത്തതിനെ തുടര്‍ന്ന് കോടതിയില്‍ ഹരജിയെത്തിയത്.

ആള്‍കൂട്ട ആക്രമണം തടയാന്‍ ശക്തമായ നടപടി വേണമെന്നും ജയ്ശ്രീ റാം എന്ന് നിര്‍ബന്ധിച്ച് വിളിപ്പിക്കുന്നത് തടയണമെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം 45 പ്രമുഖര്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കപ്പെട്ടിരുന്നു. ഇത് വലിയ വാര്‍ത്തയാകുകയും ഇതിനെ കൗണ്ടര്‍ ചെയ്യാനായി ബി ജെ പിയെ പിന്തുണക്കുന്ന ഏതാനും സാംസ്‌കാരിക പ്രവര്‍ത്തകര്‍ മറ്റൊരു നിവേദനം ഇന്ന് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കപ്പെട്ടിരുന്നു. ഇതെല്ലാം വലിയ വാര്‍ത്തയായതിനെ പിന്നാലെയാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായിരിക്കുന്നത്.