സഖ്യ സര്‍ക്കാറിന്റെ തകര്‍ച്ച

Posted on: July 25, 2019 10:25 am | Last updated: July 25, 2019 at 3:26 pm


അവിചാരിതമായിരുന്നില്ല കര്‍ണാടക സഖ്യ സര്‍ക്കാറിന്റെ കാലാവധി തീരും മുമ്പേയുള്ള പടിയിറക്കം. 2017 മെയിലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ അധികാരത്തിലേറിയ ബി ജെ പി സര്‍ക്കാറിനെ അപ്രതീക്ഷിത നീക്കത്തിലൂടെ പുറത്താക്കി, കുമാരസ്വാമിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്-ജെ ഡി എസ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ രാഷ്ട്രീയ നിരീക്ഷകര്‍ ചോദിച്ചതാണ് ഈ സര്‍ക്കാര്‍ എത്ര നാള്‍ എന്ന്. തിരഞ്ഞെടുപ്പില്‍ വേറിട്ടു മത്സരിച്ച കോണ്‍ഗ്രസും ജെ ഡി എസും അധികാരം കൈപ്പിടിയിലൊതുക്കാന്‍ പെട്ടെന്ന് സഖ്യത്തിലായെങ്കിലും അകമേ സ്വരച്ചേര്‍ച്ചയുണ്ടായിരുന്നില്ല. കേന്ദ്ര ഭരണം തങ്ങളുടെ നിയന്ത്രണത്തിലായിരുന്നതിനാല്‍ ഈ അസ്വാരസ്യം മൂര്‍ച്ഛിപ്പിക്കാനും കുതിരക്കച്ചവടത്തിലൂടെ എം എല്‍ എമാരെ വരുതിയിലാക്കാനും ബി ജെ പിക്ക് നിഷ്പ്രയാസം കഴിഞ്ഞു.

കോണ്‍ഗ്രസിന് 78ഉം ജെ ഡി എസിന് 37ഉം ആയിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് നിയമസഭയിലെ അംഗബലം. മാത്രമല്ല, ജെ ഡി എസ് ദക്ഷിണ കര്‍ണാടകയിലും മൈസൂര്‍ മേഖലയിലും മാത്രം സ്വാധീനമുള്ള പാര്‍ട്ടിയാണ്. കോണ്‍ഗ്രസിന് സംസ്ഥാനത്തുടനീളം സ്വാധീനമുണ്ട്. ഈ രാഷ്ട്രീയ സാഹചര്യത്തില്‍ ഇരുകക്ഷികള്‍ സഖ്യസര്‍ക്കാറുണ്ടാക്കുമ്പോള്‍ ന്യായമായും നേതൃസ്ഥാനത്തു വരേണ്ടത് കോണ്‍ഗ്രസാണ്. അതേസമയം, മുഖ്യമന്ത്രി പദമില്ലെങ്കില്‍ സഖ്യത്തിനില്ലെന്ന ഉറച്ച നിലപാടാണ് ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമി കൈക്കൊണ്ടത്. ഒടുവില്‍ ബി ജെ പി അധികാരത്തിലെത്തുന്നത് തടയുന്നതിനായി യു പി എ അധ്യക്ഷ സോണിയാ ഗാന്ധി ഇടപെട്ട് മുഖ്യമന്ത്രി പദവും ചില പ്രധാന വകുപ്പുകളും ജെ ഡി എസിന് നല്‍കി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ധാരണയാകുകയായിരുന്നു. കോണ്‍ഗ്രസിന്റെ പകുതി പോലും അംഗബലമില്ലാത്ത ജെ ഡി എസിന് മുഖ്യമന്ത്രി സ്ഥാനവും പ്രമുഖ വകുപ്പുകളും വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ തുടക്കത്തില്‍ തന്നെ അതൃപ്തി അറിയിച്ചിരുന്നു. ജെ ഡി എസ് വിട്ട് കോണ്‍ഗ്രസിലെത്തിയ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുകൂലികള്‍ക്കായിരുന്നു ഇക്കാര്യത്തില്‍ കൂടുതല്‍ എതിര്‍പ്പ്. മുഖ്യമന്ത്രി കുമാര സ്വാമിക്കെതിരെ പരസ്യവിമര്‍ശനങ്ങളുമായി അവര്‍ അന്നേ രംഗത്തു വരികയും ചെയ്തു. സര്‍ക്കാര്‍ വീഴുമെന്നും താന്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും വരെ സിദ്ധരാമയ്യ പരസ്യമായി പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് പരസ്യ വിമര്‍ശനത്തിനു തടയിട്ടെങ്കിലും പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ ഒരു വിമത വിംഗായി തന്നെയാണ് ഇവര്‍ പിന്നീട് വര്‍ത്തിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യം തോറ്റമ്പിയതോടെ വിമത വിഭാഗത്തിന്റെ അതൃപ്തി ശതഗുണീഭവിച്ചു. സംസ്ഥാനത്തെ 28 പാര്‍ലിമെന്റ് സീറ്റില്‍ 25 എണ്ണമെങ്കിലും സഖ്യം നേടുമെന്നായിരുന്നു അവരുടെ അവകാശ വാദം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ജെ ഡി എസിനും കൂടി കിട്ടിയ വോട്ടുകള്‍ വെച്ച് നോക്കുമ്പോള്‍ 22 സീറ്റെങ്കിലും സഖ്യം നേടാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ കിട്ടിയത് കോണ്‍ഗ്രസിനും ജെ ഡി എസിനും ഓരോ സീറ്റ് വീതം മാത്രം. ഇതോടെ ജെ ഡി എസുമായുള്ള സഖ്യം കൊണ്ട് ഭാവിയില്‍ കോണ്‍ഗ്രസിന് ഒരു ഗുണവുമില്ലെന്ന തിരിച്ചറിവാണ് ഭരണ പക്ഷത്തെ എം എല്‍ എമാരെ തങ്ങള്‍ക്കൊപ്പം കൊണ്ടുവരാനുള്ള ബി ജെ പിയുടെ ശ്രമം വിജയത്തിലെത്തിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് 15 എം എല്‍ എമാരെയാണ് ഓപറേഷന്‍ താമരയിലൂടെ ബി ജെ പി ഭരണപക്ഷത്ത് നിന്ന് അടര്‍ത്തിയെടുത്തത്. ജെ ഡി എസില്‍ നിന്ന് മൂന്ന് പേരെയും. ചൊവ്വാഴ്ച നടന്ന, 204 എം എല്‍ എമാര്‍ പങ്കെടുത്ത വിശ്വാസ വോട്ടെടുപ്പില്‍ 99 എം എല്‍ എമാര്‍ മാത്രമാണ് കുമാരസ്വാമി സര്‍ക്കാറിന് അനുകൂലമായി വോട്ടു ചെയ്തത്. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് 105 പേരും വോട്ട് ചെയ്തു.

വിമത കോണ്‍ഗ്രസ് എം എല്‍ എ രമേഷ് ജാര്‍ക്കിഹോളിയെ സ്വാധീനിച്ചും കോടികള്‍ വാരിവിതറിയും ബി ജെ പി നടത്തിയ നീക്കങ്ങളും കുതിരക്കച്ചവടവുമാണ് സഖ്യസര്‍ക്കാറിനെ വീഴ്ത്തിയതെന്നു സമ്മതിക്കുമ്പോള്‍ തന്നെ, ജെ ഡി എസ് നേതാവ് കുമാര സ്വാമിയുടെയും കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെയും മറ്റും അധികാരത്തോടുള്ള അത്യാര്‍ത്തിക്ക് ഇതിലുള്ള പങ്ക് കാണാതെ വയ്യ. ട്വിറ്ററിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇത് തുറന്നു സമ്മതിക്കുന്നുമുണ്ട്. “ആദ്യം മുതല്‍ തന്നെ കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തിനെ നിക്ഷിപ്ത താത്പര്യക്കാര്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിച്ചിരുന്നു. അകത്തു നിന്നും പുറത്തു നിന്നും, സഖ്യത്തെ തങ്ങള്‍ക്ക് അധികാരത്തിലേക്കുള്ള പാതയിലെ ഒരു ഭീഷണിയായും തടസ്സമായുമാണ് അവര്‍ കണ്ടത്. അവരുടെ ആര്‍ത്തി വിജയിച്ചപ്പോള്‍ കര്‍ണാടകയില്‍ ജനാധിപത്യവും സത്യസന്ധതയും ജനങ്ങളും പരാജയപ്പെട്ടിരിക്കുന്നു’വെന്നാണ് ട്വിറ്ററില്‍ രാഹുല്‍ ഗാന്ധി കുറിച്ചത്. ജനാധിപത്യത്തിന്റെ പുതിയ പരീക്ഷണമെന്നാണ് സഖ്യസര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ കോണ്‍ഗ്രസ്, ജെ ഡി എസ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. ജനാധിപത്യത്തിന്റെയല്ല, അധികാരത്തിന്റെ പുതിയ പരീക്ഷണങ്ങളായിരുന്നു കൊടിയ ശത്രുതയില്‍ കഴിഞ്ഞിരുന്ന ഇരു പാര്‍ട്ടികളെയും പൊടുന്നനെ ഏച്ചു കെട്ടിയതിലൂടെ യഥാര്‍ഥത്തില്‍ കര്‍ണാടകയില്‍ അരങ്ങേറിയത്.

വര്‍ഗീയ ഫാസിസത്തെ പ്രതിരോധിക്കേണ്ടത് രാജ്യത്തിപ്പോള്‍ അനിവാര്യതയാണെന്നും ഇക്കാര്യത്തില്‍ എന്ത് ത്യാഗം സഹിക്കാനും പാര്‍ട്ടി നേതൃത്വം ബാധ്യസ്ഥമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി തുടങ്ങി കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വങ്ങള്‍ വിശ്വസിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഒരു ഉറച്ച മതേതര ചിന്താഗതിയിലേക്ക് പാര്‍ട്ടിയുടെ താഴേക്കിട നേതൃത്വങ്ങള്‍ എത്തിയിട്ടില്ലെന്നതാണ് കോണ്‍ഗ്രസ് ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധി.