Connect with us

National

മാനസികാസ്വാസ്ഥ്യമുള്ള യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് ഒന്നര കിലോ സ്വര്‍ണവും 90 നാണയങ്ങളും

Published

|

Last Updated

രാംപൂര്‍ഹട്ട് (പശ്ചിമ ബംഗാള്‍): മാനസികാസ്വാസ്ഥ്യമുള്ള യുവതിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒന്നര കിലോ ആഭരണങ്ങളും അഞ്ച്, പത്ത് രൂപയുടെ 90 നാണയങ്ങളും. പശ്ചിമ ബംഗാളിലെ രാപൂര്‍ഹട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബുധനാഴ്ചയാണ് യുവതിയെ ശസ്ത്രക്രിയക്കു വിധേയയാക്കിയതെന്ന് സര്‍ജറി വിഭാഗം മേധാവി ഡോ. സിദ്ധാര്‍ഥ ബിശ്വാസ് പറഞ്ഞു.

നാണയങ്ങള്‍ക്കു പുറമെ മാല, മൂക്കുത്തി, കമ്മല്‍, വള, പാദസരം, വാച്ച് തുടങ്ങിയ ആഭരണങ്ങളാണ് മര്‍ഗ്രാം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന സിദ്ധാരത ബസു (26) എന്ന യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത്. ആഭരണങ്ങളില്‍ ഭൂരിഭാഗവും ചെമ്പും പിച്ചളയും കൊണ്ട് നിര്‍മിച്ചതും ചിലത് സ്വര്‍ണവുമാണ്.

വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ പതിവായി കാണാതായതിനെ തുടര്‍ന്ന് രഹസ്യമായി നിരീക്ഷിക്കാന്‍ തുടങ്ങിയപ്പോഴാണ് യുവതി ആഭരണങ്ങള്‍ വിഴുങ്ങുന്നതായി ശ്രദ്ധയില്‍ പെട്ടതെന്ന് മാതാവ് പറഞ്ഞു. രണ്ടു മാസത്തോളമായി മാനസിക വിഭ്രാന്തി കാണിക്കുന്ന മകളെ പല ആശുപത്രികളിലും കാണിച്ചെങ്കിലും മാറ്റമൊന്നുമില്ലെന്ന് അവര്‍ വ്യക്തമാക്കി. വയറിന് അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലെത്തിയത്. ഒരാഴ്ചയോളം ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനക്കു ശേഷമാണ് യുവതിയെ ശസ്ത്രക്രിയക്കു വിധേയമാക്കിയത്.

Latest