ശ്വേതാ ഭട്ടിന് പിന്തുണ നല്‍കും: മുഖ്യമന്ത്രി

Posted on: July 24, 2019 8:32 pm | Last updated: July 25, 2019 at 9:50 am

തിരുവനന്തപുരം: ബി ജെ പി സര്‍ക്കാര്‍ കള്ളക്കേസില്‍പ്പെടുത്തി ജയിലിലടച്ച ഐ പി എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ടിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സമാനമനസ്‌കരായ മറ്റ് മുഖ്യമന്ത്രിമാരുമായും രാഷ്ട്രീയ നേതാക്കന്മാരുമായും ചേര്‍ന്ന് പോരാട്ടത്തിന് മുന്‍കൈയെടുക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ദേവഗൗഡ, സ്റ്റാലിന്‍ എന്നിവരുമായും ബന്ധപ്പെടും. കേരളത്തിലെ എം പിമാരേയും ഒന്നിച്ചുനിര്‍ത്താന്‍ ശ്രമിക്കും. നിയമസഭയുടെ സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം ഒരു ബദലാണെന്നും ഇത്തരം വിഷയങ്ങളില്‍ കേരള മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള നിലപാടാണ് സന്ദര്‍ശനത്തിന് പ്രേരിപ്പിച്ചതെന്നും ശ്വേതാ ഭട്ട് പറഞ്ഞു. ‘മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആവേശകരമാണ്. അദ്ദേഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് നൂറു ശതമാനവും ശരിയാണെന്ന് ബോധ്യപ്പെട്ടു. കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയ സി പി എം, ഡി വൈ എഫ് ഐ നേതാക്കള്‍ക്ക് നന്ദി.’ മകന്‍ ശാന്തനുവും ശ്വേതാ ഭട്ടിനൊപ്പമുണ്ടായിരുന്നു. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, സംസ്ഥാന സെക്രട്ടറി എ എ റഹിം, പ്രസിഡന്റ് എസ് സതീഷ്, ട്രഷറര്‍ എസ് കെ സജീഷ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെ പി പ്രമോഷ് തുടങ്ങിയവരും സംബന്ധിച്ചു.