Connect with us

National

കര്‍ണാടക പോര് മധ്യപ്രദേശ് നിയമസഭയിലും; പരസ്പരം വെല്ലുവിളിച്ച് കോണ്‍ഗ്രസ് ബി ജെ പി നേതാക്കള്‍

Published

|

Last Updated

ഭോപ്പാല്‍: കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെ ഡി എസ് സഖ്യ സര്‍ക്കാര്‍ നിലംപൊത്തിയതിനെ തുടര്‍ന്ന് മധ്യപ്രദേശ് നിയമസഭയിലും വക്കേറ്റവും വെല്ലുവിളിയും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും പ്രമുഖ നേതാക്കളാണ് പരസ്പരം വെല്ലുവിളിച്ചത്.
കര്‍ണാടകയിലെ കുതിരക്കച്ചവടത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയ കമല്‍നാഥ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞു. ഇവിടുത്തെ എം എല്‍ എമാരെ വില്‍പ്പക്ക് വെച്ചിട്ടില്ല. മധ്യപ്രദേശിന്റെ വികസനത്തിനായി എല്ലാ ശ്രമവും നടത്തുമെന്നും കമല്‍നാഥ് പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ ബി ജെ പി നേതൃത്വത്തിലെ ഒന്നാമനോ, രണ്ടാമനോ ആവശ്യപ്പെട്ടാല്‍ ഒരു ദിവസത്തിനുള്ളില്‍ സര്‍ക്കാറിനെ താഴെ വീഴ്ത്തിയിരിക്കുമെന്ന് വെല്ലുവിളിക്കുകയായിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ സംസാരിക്കാനായി എഴുന്നേറ്റ കമല്‍നാഥ്, വെറുതെ നിന്ന് പ്രസംഗിക്കാതെ ധൈര്യമുണ്ടെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരൂ എന്ന് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ബി ജെ പിപരമാവധി ശ്രമിക്കും. എന്നാല്‍ ഇത് കമല്‍നാഥ് സര്‍ക്കാറാണ്. കുമാരസ്വാമി സര്‍ക്കാറല്ല. കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാറിനെ താഴെയിറക്കാന്‍ ബി ജെ പിക്കാര്‍ ഏഴ് ജന്മം ജനിക്കേണ്ടി വരുമെന്ന് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജിതു പട്‌വാരി പറഞ്ഞു.

എന്നാല്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെവീഴുന്നുണ്ടെങ്കില്‍ അത് കോണ്‍ഗ്രസിനകത്തെ ചേരിപ്പോരുകൊണ്ടായിരിക്കുമെന്നും ബി ജെ പിക്ക് അതില്‍ പ്രത്യേക റോള്‍ ഒന്നും ഉണ്ടായിരിക്കില്ലെന്നും മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തിരിച്ചടിച്ചു. എസ് പി, ബി എസ് പി പിന്തുണയില്‍ മുന്നോട്ടുപോകുന്ന സര്‍ക്കാറില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

Latest