ക്വാറം തികഞ്ഞില്ല; കോട്ടയം ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളേക്ക് മാറ്റി

Posted on: July 24, 2019 2:10 pm | Last updated: July 24, 2019 at 2:10 pm

കോട്ടയം: യുഡിഎഫിലെ പ്രതിസന്ധിതുരുന്നതിനിടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റിവെച്ചു. കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് എം അംഗങ്ങള്‍ വിട്ട് നിന്ന സാഹചര്യത്തില്‍ ക്വാറം തികയാത്തതിനെ തുടര്‍ന്നാണ് വരണാധികാരി തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. നാളെ ക്വാറം തികഞ്ഞില്ലെങ്കിലും തെരഞ്ഞെടുപ്പ് നടത്തുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് കേരളാ കോണ്‍ഗ്രസിലെ ജോസ് കെ. മാണി, പി ജെ ജോസഫ് വിഭാഗങ്ങള്‍ രംഗത്ത് വന്നതാണ് തര്‍ക്കത്തിന് വഴിവെച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മാണിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി ഡിവഷനിലെ സെബാസ്റ്റിയന്‍ കുളത്തുങ്കലിനെ തള്ളി ജോസഫ് വിഭാഗം അജിത് മുതിരമലക്കായി വിപ്പ് നല്‍കിയതോടെയാണ് പ്രതിസന്ധി ശക്തമായത്.

അതേ സമയം ഇരു വിഭാഗത്തേയും പിന്തുണക്കാതെയുള്ള നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന പാല ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന നിഗമനമാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചിരിക്കുന്നത്.