കശ്മീരിലെ മധ്യസ്ഥത: ട്രംപിന്റെ പ്രസ്താവനയില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് ഇരുസഭകളിലും പ്രതിപക്ഷ ആവശ്യം

Posted on: July 24, 2019 11:30 am | Last updated: July 24, 2019 at 1:46 pm

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷം ആവശ്യപ്പെട്ടു.ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യസഭയിലും ലോക്‌സഭയിലും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. വിഷയത്തില്‍ ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം തുടരുകയാണ്. കശ്മീര്‍ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി തന്നോട് ആവശ്യപ്പെട്ടെന്ന ട്രംപിന്റെ പ്രസ്താവനയെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് സിപിഐയും സിപിഎമ്മും രാജ്യസഭയില്‍ ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി നേരിട്ട് വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷകക്ഷികള്‍ നിലപാടെടുത്തു. സിപിഎം അംഗം എളമരം കരീം ആണ് വിഷയത്തില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ നരന്ദ്രമോദി ആവശ്യപ്പെട്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്പിന്റെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നും വിഷയം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് സി പി എം രാജ്യസഭാഗം എളമരം കരീം അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി. സിപിഐയും കോണ്‍ഗ്രസും ഇതേ വിഷയമുന്നയിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.