കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും

Posted on: July 24, 2019 9:26 am | Last updated: July 24, 2019 at 6:29 pm

ബെംഗളൂരു: സഖ്യ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ താഴെ വീണതിനെത്തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും. സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറെ കണ്ട് യെദ്യൂരപ്പ ഇന്ന് അവകാശവാദമുന്നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ തങ്ങുന്ന വിമത എംഎല്‍എമാര്‍ ഇന്ന് കര്‍ണാടകയില്‍ തിരിച്ചെത്തും. അതേ സമയം സര്‍ക്കാര്‍ വീണെങ്കിലും ജെഡിഎസ് സഖ്യം തുടരാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം.

വിശ്വാസ വോട്ടെടുപ്പില്‍ തോറ്റ് കുമാരസ്വാമി രാജിവച്ചതോടെ ചെറിയ ഇടവേളക്ക് ശേഷം ബി എസ് യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് എത്തുകയാണ്. കര്‍ണാടക നിയമസഭയില്‍ 105 എംഎല്‍എമാരുമായി വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. 15 വിമതരുടെ രാജി സ്വീകരിക്കുകയോ അവരെ അയോഗ്യരാക്കുകയോ ചെയ്താല്‍, രണ്ട് സ്വതന്ത്രരുടെ പിന്തുണയില്‍ ബിജെപിക്ക് കേവലഭൂരിപക്ഷമാകും. ഇത് മുന്നില്‍ കണ്ടാണ് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ ബിജെപി തീരുമാനിച്ചത്. ഇതിനായി, ഗവര്‍ണര്‍ ഇന്ന് തന്നെ യെദ്യൂരപ്പയെ ക്ഷണിച്ചേക്കും.