Connect with us

Gulf

ബഹിരാകാശത്ത് ഈന്തപ്പഴക്കുരു എത്തിക്കും; 'ചൊവ്വാനഗര' കാര്‍ഷിക പദ്ധതി ഗവേഷണവുമായി യു എ ഇ

Published

|

Last Updated

ദുബൈ: ബഹിരാകാശത്ത് ഈന്തപ്പഴക്കുരു എത്തിച്ച് “ചൊവ്വാനഗര” കാര്‍ഷിക പദ്ധതിക്കുള്ള ഗവേഷണത്തിന് യു എ ഇ തയ്യാറെടുക്കുന്നു. ഫ്‌ലോറിഡയിലെ കേപ് കനാവെറലില്‍ നിന്ന് ബുധന്‍ വൈകിട്ട് 6.24ന് (യു എ ഇ സമയം വ്യാഴം പുലര്‍ച്ചെ 2.24) യുഎഇയുടെ ഈന്തപ്പഴക്കുരുക്കളുമായി ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയരും. രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തില്‍ ഇവ രണ്ട് മാസം സൂക്ഷിച്ച ശേഷം തിരികെ കൊണ്ടുവന്നു നടും. എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചെന്നും ബഹിരാകാശത്തെ വെല്ലുവിളികള്‍ എങ്ങനെ അതിജീവിച്ചെന്നും മനസിലാക്കുകയാണു ലക്ഷ്യം. യു എ ഇ സര്‍വകലാശാലയുടെ നേതൃത്വത്തിലാണ് പരീക്ഷണം.
മരുഭൂമിയിലെ വെല്ലുവിളികളെ അതിജീവിച്ച് വളരുന്ന ഈന്തപ്പനക്ക് ബഹിരാകാശത്തെ സാഹചര്യങ്ങള്‍ പ്രതികൂലമാകാനിടയില്ലെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ചൊവ്വാ ദൗത്യത്തിന് മുന്നോടിയായി ദുബൈയിലെ മുഹമ്മദ് ബിന്‍ റാശിദ് സ്‌പേസ് സെന്ററിന് സമീപം “മാര്‍സ് സയന്റിഫിക് സിറ്റി” സജജ്മാക്കുന്നുണ്ട്. ചൊവ്വയിലെ സാഹചര്യങ്ങള്‍ കൃത്രിമമായി ഇവിടെ സൃഷ്ടിക്കാനും പദ്ധതിയുണ്ട്. ബഹിരാകാശ നിലയത്തില്‍ നിന്ന് കൊണ്ടുവരുന്ന ഈന്തപ്പനക്കുരുക്കള്‍ ഇതിന് സമീപമാകും നടുക. ഇവിടെ ബഹിരാകാശത്തിലെ അതേ സാഹചര്യമൊരുക്കി ഈന്തപ്പനകള്‍ വളര്‍ത്താനായാല്‍ വന്‍ നേട്ടമാകും.

ചൊവ്വയില്‍ 2117ല്‍ ചെറുനഗരം യാഥാര്‍ഥ്യമാക്കാനും 2021ല്‍ അല്‍ അമല്‍ എന്ന പേരിലുള്ള ചൊവ്വാദൗത്യത്തിനും യു എ ഇ തയ്യാറെടുക്കുകയാണ്. എഴുപതിലേറെ സ്വദേശി ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും അല്‍ അമല്‍ ദൗത്യത്തിനായി പ്രവര്‍ത്തിക്കുന്നു. യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികനാകുന്ന ഹസ്സ അല്‍ മന്‍സൂറി സെപ്റ്റംബര്‍ 25നാണ് പുറപ്പെടുക. റഷ്യയുടെ സോയുസ് റോക്കറ്റിലാണ് യാത്ര.
എംഎസ് 12 എന്ന ദൗത്യത്തില്‍ ഒരു റഷ്യന്‍ കമാന്‍ഡറും അമേരിക്കന്‍ ഫ്‌ലൈറ്റ് എന്‍ജിനീയറുമാണ് സഹയാത്രികര്‍. ബഹിരാകാശ നിലയത്തില്‍ ഇവര്‍ പത്തുദിവസം ചെലവഴിക്കും.

Latest