ട്രംപ് നുണ പറയുകയാണോയെന്ന് മോദി വ്യക്തമാക്കണം; പ്രതിപക്ഷം ലോക്‌സഭ ബഹിഷ്‌കരിച്ചു

Posted on: July 23, 2019 3:14 pm | Last updated: July 23, 2019 at 6:18 pm

ന്യൂഡല്‍ഹി: കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത ബഹിക്കാന്‍ പ്രധാന മന്ത്രി മോദി ആവശ്യപ്പെട്ടതായുള്ള യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയോട് മോദി പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്‌സഭ ബഹിഷ്‌കരിച്ചു. നേരത്തെ, പ്രധാന മന്ത്രി പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് രാജ്യസഭ മൂന്നു മണി വരെ പിരിഞ്ഞിരുന്നു.

യു എസ് പ്രസിഡന്റ് നുണ പറയുകയാണോയെന്ന് വ്യക്തമാക്കാന്‍ പ്രധാന മന്ത്രി തയാറാകണമെന്ന് കോണ്‍ഗ്രസ് എം പി മനീഷ് തിവാരി ആവശ്യപ്പെട്ടു. ട്രംപിന്റെ പ്രസ്താവന ഇന്ത്യയുടെ അഖണ്ഡതയെ പ്രഹരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ പ്രശ്‌നത്തില്‍ മൂന്നാം കക്ഷിയെ ഇടപെടുത്തില്ലെന്ന ഇന്ത്യയുടെ നിലപാടില്‍ സന്തോഷമുണ്ടെന്നും എന്നാല്‍, ഇക്കാര്യത്തില്‍ പ്രധാന മന്ത്രി മൗനം പാലിക്കുന്നതില്‍ അസംതൃപ്തിയുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. വിദേശകാര്യ മന്ത്രിയല്ല, പ്രധാന മന്ത്രി തന്നെയാണ് ഇക്കാര്യത്തില്‍ പ്രസ്താവന നടത്തേണ്ടത്.

എപ്പോഴാണ് മോദി ഉണര്‍ന്നെണീക്കുകയെന്നും ട്രംപ് കളവു പറയുകയാണെന്ന് വ്യക്തമാക്കുകയെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു. കശ്മീര്‍ വിഷയത്തില്‍ ഇരു രാഷ്ട്രങ്ങളുടെയും തലവന്മാര്‍ തമ്മില്‍ എന്താണ് പങ്കുവച്ചതെന്ന് പറയാന്‍ എന്തുകൊണ്ടാണ് മോദി തയാറാകാത്തതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.