Connect with us

National

കശ്മീര്‍: ട്രംപ് പറഞ്ഞത് ശരിയെങ്കില്‍ ഇന്ത്യയുടെ താത്പര്യം ബലികഴിച്ചുവെന്ന് രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ എന്തൊക്കെയാണ് ചര്‍ച്ചാ വിഷയമായതെന്ന് വ്യക്തമാക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി തയാറാകണമെന്ന് രാഹുല്‍ ഗാന്ധി. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥം വഹിക്കണമെന്ന് പ്രധാന മന്ത്രി മോദി ആവശ്യപ്പെട്ടെന്നാണ് ട്രംപ് പറയുന്നത്. അതു ശരിയാണെങ്കില്‍ ഇന്ത്യയുടെ താത്പര്യങ്ങളെയും 1972ലെ സിംല കരാറിനെയും പ്രധാന മന്ത്രി ബലികഴിച്ചിരിക്കുകയാണ്.

വിഷയത്തില്‍ വിദേശ മന്ത്രാലയത്തിന്റെ ദുര്‍ബലമായ ഒരു നിഷേധ പസ്താവന കൊണ്ടു മാത്രം കാര്യമില്ല. കൂടിക്കാഴ്ചയില്‍ എന്താണു പറഞ്ഞതെന്ന് പ്രധാന മന്ത്രി തന്നെ വ്യക്തമാക്കണം. രാഹുല്‍ ട്വീറ്റ് ചെയ്തു. പ്രധാന മന്ത്രി ഇത്തരമൊരു ആവശ്യം മുന്നോട്ടു വച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ഇന്ത്യ ആരുടെയും മധ്യസ്ഥത തേടിയിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാറും പറഞ്ഞിരുന്നു.

പാക്കിസ്ഥാനുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങളെല്ലാം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ അചഞ്ചലമായ നിലപാട്. അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചാല്‍ മാത്രമെ പാക്കിസ്ഥാനുമായുള്ള അത്തരം ചര്‍ച്ചകള്‍ സാധ്യമാവൂ. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള കാര്യങ്ങള്‍ ഷിംല കരാറിലും ലാഹോര്‍ പ്രഖ്യാപനത്തിലുമുണ്ട്. രവീഷ് കുമാര്‍ പറഞ്ഞു.

Latest