ലൈംഗിക പീഡന ആരോപണം: റൊണാള്‍ഡോ കുറ്റവിമുക്തന്‍

Posted on: July 23, 2019 1:36 pm | Last updated: July 23, 2019 at 1:36 pm

ലാസ് വെഗാസ്: ലൈംഗിക പീഡനക്കേസില്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ നൊവാഡ കോടതി കുറ്റവിമുക്തനാക്കി. 2009ല്‍ നടന്നതായി പറയുന്ന പീഡന ആരോപണം സംശയരഹിതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.

അമേരിക്കന്‍ മോഡലായ കാതറിന്‍ മയോര്‍ഗയാണ് 2009ല്‍ ലാസ് വേഗസിലെ ഹോട്ടല്‍ മുറിയില്‍ വച്ച് റൊണാള്‍ഡോ തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ചത്. സംഭവം പുറത്തറിയാതിരിക്കാന്‍ പിന്നീട് തന്നെ ഭീഷണിപ്പെടുത്തി നിശ്ശബ്ദയാക്കിയെന്നും അവര്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ജര്‍മന്‍ മാഗസിനായ ഡെര്‍ സ്പീഗനാണ് വാര്‍ത്ത പുറത്തുവിട്ടത്.

എന്നാല്‍, കാതറിന്റെത് വ്യാജ ആരോപണമാണെന്നും പ്രശസ്തയാവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും റൊണാള്‍ഡോ കോടതിയില്‍ പറഞ്ഞിരുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ച മാഗസിനെതിരെ നടപടി സ്വീകരിക്കുമെന്ന് റൊണാള്‍ഡോയുടെ അഭിഭാഷകന്‍ വ്യക്തമാക്കുകയും ചെയ്തു.