Articles
കരിനിയമങ്ങള്‍ക്ക് വീണ്ടും വാഴ്ത്തുപാട്ടുയരുന്നു

രാജ്യത്തെ വിധ്വംസക ശക്തികളെയും രാജ്യദ്രോഹികളെയും ഭീകര പ്രസ്ഥാനങ്ങളെയും നേരിടേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണ്. നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത്തരം ശക്തികള്‍ അവരുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു. ഇത്തരം രാജ്യവിരുദ്ധ പ്രസ്ഥാനങ്ങളെയും രാജ്യദ്രോഹികളെയും നേരിടുന്നതിനായി യു എ പി എ അടക്കമുള്ള പ്രത്യേക നിയമങ്ങള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ഇന്ത്യന്‍ പീനല്‍ കോഡിന്റെ 121 മുതല്‍ 130 വരെയുള്ള വകുപ്പുകള്‍ രാജ്യദ്രോഹികളെയും സാമൂഹിക വിരുദ്ധരെയും അമര്‍ച്ച ചെയ്യുന്നതിനുള്ളതാണ്. ഐ പി സി 124 എ അനുസരിച്ച് രാജ്യദ്രോഹിയാണെന്ന് സംശയമുള്ളവരെപ്പോലും ജാമ്യം നിഷേധിച്ച് തടവിലാക്കാനും വധശിക്ഷ നല്‍കാനും വ്യവസ്ഥയുമുണ്ട്.
രാജ്യവിരുദ്ധ ശക്തികളെ അമര്‍ച്ച ചെയ്യാന്‍ ഈ നിയമങ്ങളെല്ലാം നിലനില്‍ക്കുമ്പോഴാണ് യു പി എ സര്‍ക്കാറിന്റെ കാലത്ത് 2002ല്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) നിയമം പാസ്സാക്കിയെടുത്തത്. ക്രമസമാധാനം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാര പരിധി കടന്നുള്ള എന്‍ ഐ എ രൂപവത്കരണം ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും ഭാവിയില്‍ ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്നും ഇടതുപക്ഷമടക്കമുള്ള ചില പാര്‍ട്ടികള്‍ അക്കാലത്ത് ചൂണ്ടിക്കാട്ടിയിരുന്നതുമാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ എന്‍ ഐ എ അന്വേഷിച്ചിരുന്ന പല ഭീകരാക്രമണ കേസുകളും അട്ടിമറിക്കപ്പെടുകയും ചെയ്തിരുന്നു.
ദേശവിരുദ്ധ ശക്തികളെ അടിച്ചമര്‍ത്താന്‍ ആവശ്യമായ വകുപ്പുകള്‍ ഈ നിയമത്തിലുണ്ടെന്നുള്ളത് വസ്തുതയാണ്. ഭീകര പ്രസ്ഥാനങ്ങളെയും രാജ്യദ്രോഹികളെയും നേരിടാന്‍ എന്‍ ഐ എയില്‍ ആവശ്യമായ ഭേദഗതി ഉണ്ടായേ മതിയാകൂ എന്ന കേന്ദ്ര നിലപാടിന്റെ അടിസ്ഥാനത്തിലുള്ള ഈ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കിയിരിക്കുകയാണ്.
ദേശീയ അന്വേഷണ ഏജന്‍സിക്ക് ഏറ്റവും വിപുലമായ അധികാരങ്ങള്‍ നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊണ്ടുവന്ന എന്‍ ഐ എ ഭേദഗതി ബില്‍ രാജ്യസഭയും ഐകകണ്‌ഠ്യേന പാസ്സാക്കിയിരിക്കുകയാണ്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇടതുപക്ഷത്തോടൊപ്പം മുസ്‌ലിം ലീഗും ഇറങ്ങിപ്പോക്ക് നടത്തിയപ്പോള്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ആര്‍ ജെ ഡി, എസ് പി, ഡി എസ് പി അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ സാന്നിധ്യത്തിലാണ് വോട്ടെടുപ്പ് പോലും ആവശ്യമില്ലാതെ സര്‍ക്കാര്‍ ബില്‍ പാസ്സാക്കിയെടുത്തിരിക്കുന്നത്.
ബില്ലിനെതിരായ വിമര്‍ശനം ഉന്നയിച്ച ശേഷമാണ് ഇത് പാസ്സാക്കാന്‍ കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികള്‍ മൗനാനുമതി നല്‍കിയത്. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രി അമിത് ഷാ ഒടുവില്‍ ശബ്ദവോട്ടിന് ഇടുന്ന സമയത്ത് ഐകകണ്‌ഠ്യേന പാസ്സാക്കുകയല്ലേ എന്ന് ചോദിച്ചപ്പോള്‍ സഭയിലുണ്ടായിരുന്ന പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍പ്പില്ലാതെ അത് അംഗീകരിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവാള്‍ നാരായണ്‍ സിംഗ് ബില്‍ പാസ്സായതായി പ്രഖ്യാപിക്കുകയും ചെയ്തു.
ലോക്‌സഭയില്‍ എതിര്‍ത്ത് വോട്ട് ചെയ്ത ഇടതുപക്ഷവും, വിട്ടുനിന്ന മുസ്‌ലിം ലീഗും രാജ്യസഭയില്‍ ഒരുമിച്ച് ഇറങ്ങിപ്പോയി. ബില്‍ പാര്‍ലിമെന്റിന്റെ പുനഃപരിശോധനക്ക് വിധേയമാക്കണമെന്നും അതിനായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. സെലക്ട് കമ്മിറ്റിക്ക് വിടണമെങ്കില്‍ നേരത്തെ നോട്ടീസ് നല്‍കണമായിരുന്നു എന്നും ഇനി ഇപ്പോള്‍ കഴിയുകയില്ല എന്നും അമിത് ഷാ പറഞ്ഞതോടെ ഉപാധ്യക്ഷനും അതിനെ പിന്തുണച്ചു.
രാജ്യത്തിനകത്തും വിദേശത്തും ഇന്ത്യയെ ലക്ഷ്യമിട്ട് നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന് ദേശീയ ഏജന്‍സിയായ എന്‍ ഐ എക്ക് വളരെ വിപുലമായ അധികാരം നല്‍കുന്നതാണ് ഈ ബില്‍. സൈബര്‍ കുറ്റങ്ങള്‍, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഈ ഏജന്‍സിക്ക് കൂടുതല്‍ അധികാരം ലഭിക്കും.
ജര്‍മനിയിലെ ഫാസിസ്റ്റുകള്‍ ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ ജൂതന്‍മാര്‍ക്കെതിരായ കടന്നാക്രമണവും അവരുടെ ഉന്മൂല നാശവുമായിരുന്നു ലക്ഷ്യം വെച്ചിരുന്നത്. ഇന്ത്യയിലാകട്ടെ ഭരണകക്ഷി ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളോട് യുദ്ധപ്രഖ്യാപനവും അക്കൂട്ടരുടെ ഉന്മൂലന നാശവുമാണ് ലക്ഷ്യമിടുന്നത്. എന്‍ ഐ എ ഭേദഗതി നിയമം കൊണ്ട് ന്യൂനപക്ഷങ്ങളെയും രാഷ്ട്രീയ ശത്രുക്കളെയും വിമര്‍ശകരെയും ഭീകരന്മാരായി മുദ്രകുത്താന്‍ മോദി സര്‍ക്കാറിന് ഇനി ഒരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ല.
എന്‍ ഡി എ സര്‍ക്കാറിന്റെ ഈ നിയമ ഭേദഗതി വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കുന്നതിന് സര്‍ക്കാറിനും എല്ലാ അവസരവും നല്‍കുന്നുണ്ട്. ക്രിമിനല്‍ നിയമങ്ങളില്‍ കുറ്റം ചെയ്താലേ ശിക്ഷയുള്ളൂ. എന്നാല്‍ അതിന് വിരുദ്ധമായി ഈ പുതിയ ഭേദഗതി നിയമത്തില്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഏര്‍പ്പെടുകയോ പങ്കാളിയാകുകയോ ചെയ്തില്ലെങ്കിലും അറസ്റ്റ് ചെയ്ത് ജയിലിലടക്കാം. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഒരാള്‍ ഭീകരനാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് അതാത് സര്‍ക്കാറുകളുടെ ദയാദാക്ഷിണ്യത്തിന് വിധേയമായി വരും. ഇതിലൂടെ സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനും ആശയപ്രചാരണത്തിനുമുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ നിര്‍ലജ്ജം ലംഘിക്കപ്പെടുമെന്നുള്ള കാര്യത്തിലും സംശയമില്ല.
ഭീകരവാദത്തെ നേരിടാനും പട്ടിക ചെയ്യപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയാനും നിയമ ഭേദഗതി കൊണ്ടുവന്ന സര്‍ക്കാറും അതിന്റെ ആഭ്യന്തര മന്ത്രി അമിത് ഷായും യാതൊരു മനസ്സാക്ഷിക്കുത്തും കൂടാതെ മാലേഗാവ് സ്‌ഫോടനം അടക്കം ഹിന്ദു ഭീകരവാദികള്‍ നടത്തിയ അട്ടിമറി പ്രവര്‍ത്തനങ്ങളെയും അരും കൊലകളെയും ന്യായീകരിക്കുന്നതിന് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വന്നു.
തീവ്ര ഹിന്ദുത്വ ഭീകരവാദ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുകയും അതില്‍ ഉള്‍പ്പെട്ട കുറ്റവാളികള്‍ക്ക് പാര്‍ലിമെന്റ് അംഗത്വമടക്കം നല്‍കി വെള്ളപൂശുകയും ചെയ്യുന്ന ഭരണമുന്നണി എന്‍ ഐ എ ഭേദഗതി നിയമം കൊണ്ടുവരുന്നതിന്റെ പിന്നിലെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടാതെ പോകരുത്.
പുതിയ മോദി സര്‍ക്കാര്‍ സ്വന്തം രാഷ്ട്രീയ താത്പര്യം ലക്ഷ്യമാക്കി കരിനിയമങ്ങള്‍ ഓരോന്നായി പടച്ചുണ്ടാക്കാന്‍ അണിയറയില്‍ നീക്കം നടത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി ഇതിനെ ചെറുക്കാന്‍ തയ്യാറായി മുന്നോട്ടു വരേണ്ട സമയമാണിത്.
രാജ്യസഭയിലെങ്കിലും എന്‍ ഐ എ ഭേദഗതിയെ എതിര്‍ത്ത് പരാജയപ്പെടുത്താന്‍ പ്രതിപക്ഷത്തിന് സാധിക്കുമായിരുന്നിട്ടും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഗുരുതരമായ അലംഭാവമാണ് ഇക്കാര്യത്തില്‍ കാട്ടിയത്. ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും സമൂഹത്തിന്റെ താഴേക്കിടയിലുള്ള പാവപ്പെട്ടവര്‍ക്കും എതിരായിട്ടുള്ള ഈ നിയമഭേദഗതിയെ ശക്തമായി എതിര്‍ക്കാനുള്ള ബാധ്യത മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ ബാധ്യതയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുകയും ബി ജെ പിയുടെ അനുസരണയുള്ള എറാന്‍മൂളികളായി മാറുകയുമാണ് ആ പാര്‍ട്ടി ചെയ്തത്.
ന്യൂനപക്ഷങ്ങളോടും പിന്നാക്ക ജനവിഭാഗങ്ങളോടും വലിയ ബാധ്യതയുണ്ടായിരുന്ന ബി എസ് പി, എസ് പി തുടങ്ങിയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ബി ജെ പിയോടൊപ്പം ചേര്‍ന്നത് രാജ്യത്തെ പാവപ്പെട്ട ജനവിഭാഗങ്ങളില്‍ വലിയ വേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ നിയമ ഭേദഗതി സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ള പിന്നാക്ക ജനവിഭാഗങ്ങളെയാണ് നേരിട്ട് ബാധിക്കുക എന്നുള്ള വസ്തുത ഈ പാര്‍ട്ടികള്‍ ബോധപൂര്‍വം വിസ്മരിക്കുകയാണ്.
ലീഗും ഈ നിയമഭേദഗതി ചര്‍ച്ചയില്‍ നിന്ന് ബോധപൂര്‍വം ഒളിച്ചോടുകയായിരുന്നു. മുത്വലാഖ് ബില്ലിന്റെ കാര്യത്തിലും മറ്റും എടുത്ത ചാഞ്ചാട്ട നിലപാടു തന്നെ ലീഗ് ഈ വിഷയത്തിലും തുടരുകയാണ്. ലീഗും കോണ്‍ഗ്രസിനോടൊപ്പം ബി ജെ പിയുടെ ബി ടീമായി മാറിയ പ്രതീതിയാണ് എന്‍ ഐ എ ഭേദഗതി ബില്ലിന്റെ കാര്യത്തില്‍ ഉണ്ടായതെന്ന ശക്തമായ അഭിപ്രായം രാജ്യത്തുണ്ടായിട്ടുമുണ്ട്.
ഇടതുപക്ഷ പാര്‍ട്ടികളും നാഷണല്‍ കോണ്‍ഫറന്‍സ്, ലോക് തന്ത്രിക് ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളും മാത്രമാണ് ജനവിരുദ്ധമായ എന്‍ ഐ എ ബില്ലിനെ പാര്‍ലിമെന്റില്‍ ശക്തമായി എതിര്‍ത്തത്.
ന്യൂനപക്ഷങ്ങളെയും പിന്നാക്ക-ദുര്‍ബല ജനവിഭാഗങ്ങളെയും സാമൂഹിക നീതിക്കുവേണ്ടി പൊരുതുന്നവരെയാകെയും വിചാരണ കൂടാതെ തടവിലാക്കാനുള്ള ഈ കരിനിയമത്തിനെതിരായി വ്യാപകമായ ജനകീയ രോഷം രാജ്യത്തൊട്ടാകെ അലയടിച്ചുയരുമെന്ന് കരുതാം.
(ലേഖകന്റെ ഫോണ്‍: 9847132428)
അഡ്വ. ജി സുഗുണന്‍