Connect with us

National

18 ദിവസമായി തുടരുന്ന കര്‍'നാടക'ത്തിന് ഇന്ന് തിരശ്ശീല വീഴുമോ?

Published

|

Last Updated

ബംഗളൂരു: 18 ദിവസമായി തുടരുന്ന കര്‍ണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഇന്ന് വൈകിട്ടോടെ തീരുമാനമാകണമെന്ന് സ്പീക്കറുടെ അന്ത്യസാശനം. ഇന്ന് രാവിലെ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയിലെത്തിയിട്ടുണ്ട്. എന്നാല്‍ ഭരണ പക്ഷ അംഗങ്ങള്‍ ആരും സംഭയിലെത്തിയിട്ടില്ല. റിസോര്‍ട്ടുകളില്‍ കഴിയുന്ന ഭരണപക്ഷ എം എല്‍ എമാര്‍ ഉടന്‍ സഭയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്ഥിതി എന്ത് തന്നെയായാലും ഇന്നൊരു തീരുമാനം ഉണ്ടാക്കണമെന്ന നിലപാടിലാണ് സ്പീക്കര്‍.

വിശ്വാസ വോട്ടെടുപ്പിന്‍മേലുള്ള ചര്‍ച്ച രണ്ട് ദിവസത്തിലതികം പൂര്‍ത്തിയായി കഴിഞ്ഞു. ഇന്നലെ പുലര്‍ച്ചെവരെ നീണ്ടു. ഇനിയും നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ല. ഇന്ന് വൈകിട്ട് നാല് മണിവരെ ചര്‍ച്ച മതി. വൈകിട്ട് ആറ് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണം- സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ ഭരണപക്ഷത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. .

ഇന്നലെ അര്‍ധരാത്രി തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബി ജെ പി ആവശ്യപ്പെട്ടെങ്കിലും ഭരണകക്ഷിയായ കോണ്‍ഗ്രസ് എതിര്‍ക്കുകയായിരുന്നു. എന്നാല്‍ ആവശ്യമെങ്കില്‍ താന്‍ പുലര്‍ച്ചെ വരെ ഇരിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു. പക്ഷേ പ്രതിഷേധം ശക്തമായതോടെ സഭ പിരിയുകയായിരുന്നു.

സുപ്രീംകോടതിയുടെ തീരുമാനം വന്നിട്ട് വിശ്വാസ വോട്ടെടുപ്പ് നടത്തിയാല്‍ മതിയെന്നാണ് ജെ ഡി എസിന്റെ നിലപാട്. വിമത എം എല്‍ എമാര്‍ക്ക് അടക്കമുള്ള വിപ്പിന്റെ കാര്യത്തില്‍ അവ്യക്തതയുള്ളതിനാലാണിത്. ഇന്ന് സുപ്രീംകോടതിയില്‍ നിന്ന് വിഷയത്തില്‍ ഒരു ഇടപെടല്‍ ഉണ്ടാകുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

കൂടാതെ തങ്ങള്‍ക്കെതിരായ അയോഗ്യതാ ശിപാര്‍ശയില്‍ വിമത എം എല്‍ എമാര്‍ സ്പീക്കര്‍ക്കു കത്ത് നല്‍കി. നേരിട്ട് ഹാജരാകാന്‍ ഒരു മാസം സമയം വേണമെന്നാണ് ഇവരുടെ ആവശ്യം.

ഇന്ന് 11 മണിക്ക് മുമ്പ് ഹാജരാകണമെന്നായിരുന്നു സ്പീക്കര്‍ വിമത എം എല്‍ എമാര്‍ക്ക് ഇന്നലെ നല്‍കിയ അന്ത്യശാസനം. എന്നാല്‍ എം എല്‍ എമാര്‍ എത്തില്ലെന്ന് തന്നെയാണ് കര്‍ണാടകയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ സര്‍ക്കാര്‍ വീഴുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.

Latest