ദിബ്ബ നഗരസഭ പക്ഷികള്‍ക്കായി പ്രത്യേക പദ്ധതി ഒരുക്കുന്നു

Posted on: July 22, 2019 8:19 pm | Last updated: July 22, 2019 at 8:19 pm

ദിബ്ബ: ദിബ്ബ അല്‍ ഹസനില്‍ പക്ഷികള്‍ക്കായി പ്രത്യേക പദ്ധതി ഒരുക്കി നഗരസഭ. ഷാര്‍ജ ഡിസ്ട്രിക്ട് ആന്‍ഡ് വിലേജ് അഫയേര്‍സ് ഡിപാര്‍ട്‌മെന്റുമായി (എസ് ഡി വി എ) സഹകരിച്ചാണ് നഗരത്തിലുടനീളം പക്ഷികള്‍ക്ക് കുടിവെള്ളമൊരുക്കുന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഇത്തരത്തില്‍ വിവിധ ഇടങ്ങളിലായി 400ലധികം പദ്ധതികളാണ് അധികൃതര്‍ നടപ്പിലാക്കുന്നത്.
യു എ ഇ സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെയും ഷാര്‍ജ നഗരത്തെ വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍ ഓഫ് 2019 ആയി തിരഞ്ഞെടുത്തതിന്റെയും ഭാഗമായാണ് പക്ഷികള്‍ക്കായുള്ള കുടിവെള്ള പദ്ധതി ഒരുക്കുന്നത്.

കനം കുറഞ്ഞതും എളുപ്പത്തില്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കാവുന്നതുമായ പ്രത്യേക തരം പ്ലാസ്റ്റിക് ബോട്ടിലുകളാണ് പദ്ധതിയുടെ ഭാഗമായി നഗരസഭാധികൃതര്‍ വിതരണം ചെയ്യുന്നത്. പക്ഷികള്‍ക്ക് എളുപ്പത്തില്‍ വെള്ളം കുടിക്കാവുന്ന വിധത്തിലുള്ള ബോട്ടിലുകള്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാകാത്തതും വേനല്‍ കാലത്തു ജൈവ വൈവിധ്യത്തെ മികച്ച രീതിയില്‍ സംരക്ഷിക്കാന്‍ ഉതകുന്നതുമാണ്.

പ്രകൃതി സംരക്ഷണവും ജീവജാലങ്ങള്‍ക്ക് മികച്ച ആവാസ വ്യവസ്ഥയൊരുക്കലും രാഷ്ട്ര ശില്‍പി ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ മാതൃകയാണ്.
സവിശേഷമായ ആവാസ വ്യവസ്ഥയൊരുക്കുന്നതിലൂടെ ജന ജീവിതം സന്തുഷ്ടമാകുമെന്ന ശൈഖ് സായിദിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് പദ്ധതി ആവിഷ്‌കരിച്ചതെന്ന് ദിബ്ബ നഗരസഭാ ഡയറക്ടര്‍ താലിബ് അബ്ദുല്ല സഫര്‍ പറഞ്ഞു.