ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതര്‍

Posted on: July 22, 2019 7:59 pm | Last updated: July 22, 2019 at 7:59 pm

ദുബൈ: വെള്ളിയാഴ്ച ഹോ ര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പലിലെ മലയാളികള്‍ ഉള്‍പെടെയുള്ള ജീവനക്കാര്‍ സുരക്ഷിതരാണെന്ന് ഇറാന്‍. ബന്തര്‍ അബ്ബാസ് തുറമുഖത്ത് കപ്പല്‍ നങ്കൂരമിട്ടിട്ടുണ്ടെന്നും ഇറാന്‍ വക്താവ് അറിയിച്ചു.

കപ്പലിലുണ്ടായിരുന്ന 18 ഇന്ത്യക്കാരില്‍ ക്യാപ്റ്റന്‍ ഉള്‍പെടെ മൂന്നു പേര്‍ മലയാളികളാണ്. എറണാകുളം സ്വദേശികളാണ് ഇവര്‍. കപ്പലിന്റെ ക്യാപ്റ്റന്‍ ഫോര്‍ട്ട് കൊച്ചി സ്വദേശിയാണ്. കപ്പലിലുള്ള കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്റെ ബന്ധുക്കളെ കപ്പല്‍ കമ്പനി ഉടമകളാണ് വിവരം അറിയിച്ചത്. രണ്ടു ദിവസം മുമ്പ് വരെ ഡിജോയുമായി ബന്ധപ്പെടാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നു. ഒരുമാസം മുന്‍പാണ് ഡിജോ കപ്പലില്‍ ജോലിക്ക് കയറിയത്. തൃപ്പൂണിത്തുറ സ്വദേശിയും കപ്പലിലുണ്ടെന്നാണ് വിവരം. ഇതിനിടെ ഏതാനും ദിവസം മുമ്പ് ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലിലും മലയാളികളുണ്ട്. മലപ്പുറം സ്വദേശി അജ്മല്‍(27) ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് സ്വദേശി പ്രദീപ് എന്നിവരാണ് മറ്റുള്ളവര്‍.

ഹോര്‍മുസ് കടലിടുക്കില്‍ വച്ചാണ് 18 ഇന്ത്യക്കാര്‍ ഉള്‍പെടെ 23 ജീവനക്കാരടങ്ങിയ ബ്രിട്ടിഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ഇറാനിലെ ബന്തര്‍ അബ്ബാസ് തുറമുഖത്ത് നങ്കൂരമിട്ട കപ്പലില്‍നിന്ന് ഇവരെ മോചിപ്പിച്ച് എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. എല്ലാവരും സുരക്ഷിതരാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോചനം ആവശ്യപ്പെട്ട് ഇറാന് കത്ത് നല്‍കിയിട്ടുണ്ട്. കപ്പലിലെ മറ്റു മൂന്ന് പേര്‍ റഷ്യക്കാരും ഓരോരുത്തര്‍ ലാത്വിയ, ഫിലിപ്പീന്‍സ് സ്വദേശികളുമാണെന്നാണ് വിവരം.
സ്വീഡിഷ് കമ്പനിയായ സ്റ്റെന ബള്‍ക് ബ്രിട്ടനില്‍ റജിസ്റ്റര്‍ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പല്‍ വെള്ളിയാഴ്ചയാണ് ഇറാന്‍ സേനാവിഭാഗമായ റവല്യൂഷനറി ഗാര്‍ഡ്‌സ് പിടിച്ചെടുത്തത്. രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങള്‍ തെറ്റിച്ചെന്ന് ആരോപിച്ചാണ് നടപടി. സ്പീഡ് ബോട്ടുകളിലെത്തി കപ്പല്‍ പിടിച്ചെടുക്കുന്നതിന്റെ വിഡിയോ റവല്യൂഷനറി ഗാര്‍ഡ്‌സ് പുറത്തുവിട്ടിരുന്നു.

മീന്‍പിടിത്ത ബോട്ടുമായി കപ്പല്‍ കൂട്ടിയിടിച്ചെന്നും ക്യാപ്റ്റനുമായി ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ പിടിച്ചെടുക്കുകയായിരുന്നുവെന്നുമാണ് ഇറാന്‍ പറയുന്നത്. എന്നാല്‍ സഊദിയിലേക്കു പോകുമ്പോള്‍ മുന്നറിയിപ്പില്ലാതെ നാല് ചെറുകപ്പലുകളും ഹെലികോപ്റ്ററുകളും ചേര്‍ന്നു വളയുകയായിരുന്നെന്നു കപ്പല്‍ കമ്പനിയുടമകള്‍ ആരോപിച്ചു. മുന്‍പ് തങ്ങളുടെ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തതിനു തിരിച്ചടിയായി ഇതു കരുതാമെന്നും ഇറാന്‍ പറയുന്നു.

ഗള്‍ഫ് മേഖലയില്‍ സൈനിക സാന്നിധ്യം ശക്തിപ്പെടുത്താന്‍ കൂടുതല്‍ പടക്കപ്പലുകള്‍ അയക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ഗതാഗതം സുരക്ഷിതമാക്കുന്നതിന് ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നതിനാല്‍ സഊദി അറേബ്യയില്‍ അമേരിക്കന്‍ സൈന്യത്തെ വിന്യസിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് കഴിഞ്ഞദിവസം അനുവാദം നല്‍കിയിരുന്നു.
ഗള്‍ഫ് മേഖലയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഈയിടെ 500 സൈനികരെ കൂടി അമേരിക്ക അയച്ചിരുന്നു. കൂടാതെ, വ്യോമസേന, വ്യോമ പ്രതിരോധ മിസൈല്‍ സന്നാഹവും യു എസ് വര്‍ധിപ്പിച്ചു.

അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ ബ്രിട്ടീഷ് ടാങ്കര്‍ പിടിച്ചെടുത്ത ഇറാന്റെ നടപടി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് മുന്നറിയിപ്പ് ബ്രിട്ടന്‍ ആവര്‍ത്തിച്ചു. അന്താരാഷ്ട്ര കപ്പല്‍ഗതാഗത മേഖലക്ക് തന്നെ ഇറാന്‍ നടപടി ഭീഷണിയാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു. തങ്ങളുടെ എണ്ണ ടാങ്കര്‍ പിടിച്ചെടുത്തതിന് ഉരുളക്കുപ്പേരി എന്ന പോലുള്ള പ്രതികാര നടപടി എന്നോണമാണ് ‘സ്റ്റെന ഇംപറോ’ തടഞ്ഞിട്ടതെന്ന ഇറാന്‍ വാദം നിരര്‍ഥകമാണ്. യൂറോപ്യന്‍ യൂണിയന്റെ വിലക്ക് ലംഘിച്ച് സിറിയയിലേക്ക് എണ്ണയുമായി പോയതിനാലാണ് ഇറാന്‍ കപ്പല്‍ തടഞ്ഞുവെച്ചത്.
അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇറാന്‍ ആണവപരീക്ഷണങ്ങള്‍ തുടരുന്നതായി സ്ഥിരീകരിച്ച പശ്ചാതലത്തില്‍ 2016ല്‍ നീക്കം ചെയ്ത ഉപരോധം പുനഃസ്ഥാപിക്കാന്‍ ബ്രിട്ടന്‍ യു എന്നിലും യൂറോപ്യന്‍ യൂണിയനിലും സമ്മര്‍ദം ചെലുത്തിയിരുന്നു. ഇറാന്‍ അതിക്രമത്തിന് ഇതും ഒരു കാരണമായേക്കും.