പാര്‍ട്ടിയെ അറിയിക്കാതെ ആശുപത്രി വാങ്ങാന്‍ കരാര്‍; ജയലാല്‍ എം എല്‍ എയെ സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കും

Posted on: July 22, 2019 6:04 pm | Last updated: July 22, 2019 at 6:04 pm

തിരുവനന്തപുരം: പാര്‍ട്ടിയെ അറിയിക്കാതെ സഹകരണ സൊസൈറ്റിക്കു വേണ്ടി ആശുപത്രി വാങ്ങുന്നതിന് കരാറെഴുതിയ ജി എസ് ജയലാല്‍ എം എല്‍ എക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിന്റെ തീരുമാനം. സി പി ഐ കൊല്ലം ജില്ലാ കൗണ്‍സില്‍, സംസ്ഥാന കൗണ്‍സില്‍ അംഗവും ചാത്തന്നൂര്‍ എം എല്‍ എയുമായ ജയലാലിനെ പാര്‍ട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നെല്ലാം ഒഴിവാക്കാനാണ് തീരുമാനിച്ചത്. സംസ്ഥാന കൗണ്‍സിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

കൊല്ലം നഗരത്തിലെ 75 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രി അഞ്ചേകാല്‍ കോടി രൂപക്ക് വാങ്ങാന്‍ ജയലാല്‍ പ്രസിഡന്റായ സാന്ത്വനം ഹോസ്പിറ്റല്‍ കോപ്പറേറ്റീവ് സൊസൈറ്റി കരാറെഴുതിയതാണ് വിവാദമായത്. ഇത്രയും തുക നല്‍കി ആശുപത്രി വാങ്ങാന്‍ കരാറെഴുതും മുമ്പ് ജയലാല്‍ പാര്‍ട്ടിയുടെ അനുമതി വാങ്ങുകയോ പണത്തിന്റെ കൃത്യമായ സ്രോതസ്സ് അറിയിക്കുകയോ ചെയ്തിരുന്നില്ല.