Connect with us

Religion

സകാത്ത്: മുൻകാല പ്രാബല്യം പരിഗണിക്കേണ്ടതുണ്ടോ?

Published

|

Last Updated

നോക്കണേ ഓരോരോ കാലക്കേട്! യു ജി സിക്കാരുടെ ഡി എ കണക്ക് വെളിപ്പെടുത്തിയതിന് രണ്ട് വിധത്തിലുള്ള പ്രതികരണങ്ങളാണുണ്ടായത്. അതിൽ രണ്ടാമത്തേത്, യു ജി സിക്കാരിൽ നിന്ന് തന്നെയാണ്. ശമ്പളം പെരുപ്പിച്ച് പറഞ്ഞ് സുഹൃത്തുക്കളിലും കുടുംബങ്ങളിലും നാട്ടുകാരിലും അസൂയ പടർത്തി എന്നതാണ് ഒന്ന്. ശമ്പളം കൂടുന്നതിനനുസരിച്ച് ടാക്‌സ് കൂടുന്നതും മറ്റ് പിടുത്തങ്ങളിലും പെട്ട് കൈയിൽ കിട്ടുമ്പോൾ സാന്റിയാഗോയുടെ മീൻമുള്ള് (ദ ഓൾഡ് മാൻ ആൻഡ് ദ സീ- ഏണസ്റ്റ് ഹെമിംഗ്‌വേ) പോലെയായിത്തീരുമെന്ന കാര്യം എഴുത്തിൽ ഉൾപ്പെടുത്തിയില്ലെന്നാരോപിച്ച് പലരും പീഡിപ്പിക്കുകയുണ്ടായി. എന്തിനധികം പറയുന്നു, ചിലർ വളഞ്ഞിട്ട് തല്ലാൻ പോലും പദ്ധതിയിട്ടതായി പിന്നീട് അറിവായി.

എന്നാൽ, നോൺ യു ജി സിക്കാരിൽ നിന്ന് കടുത്ത അസൂയ നുരക്കുന്ന വർത്തമാനങ്ങളാണ് കിട്ടിയത്. ഡി എ ശതമാനത്തിന്റെ നിരക്ക് കേട്ടതിൽ പിന്നെ ആറളത്തെ സാജിദ് സാറിന് ബോധഹാനി വന്നുപോയിപോലും! എന്നാൽ കേൾക്കണോ നിങ്ങൾക്ക്, യു ജി സിക്കാരുടെ ഡി എ ഇതാ കുത്തനെ കുറഞ്ഞിരിക്കുന്നു. കുറവ് എന്ന് പറഞ്ഞാൽ നൂറിലേക്കോ അമ്പതിലേക്കോ ഇരുപത്തിയഞ്ചിലേക്കോ പോട്ടെ കുടൂസ് എന്ന് പറഞ്ഞ് തള്ളിയിട്ട സംസ്ഥാനക്കാരുടെ പഴയ പതിനഞ്ചിലേക്ക് പോലുമല്ല. മറിച്ച്, ഒമ്പതിലേക്ക്! അതെ വെറും ഒമ്പത് ശതമാനം!! അതും ഈ ഡി എ ശതമാനവുമായി ബന്ധപ്പെട്ട ശീതവിവാദം കൊടുമ്പിരികൊണ്ട ഈയാഴ്ചകൊണ്ട്.

യാദൃച്ഛികതയെന്നൊക്കെ പറയുന്നത് ഇങ്ങനെയും വരുമോ?
പേ റിവിഷന്റെ ഭാഗമായാണ് ഡി എ ശതമാനം കുറയുന്നത്. അപ്പോൾ ബേസിക് പേയുടെ നിരക്ക് കുതിച്ചുയരും. പക്ഷേ അത് 2016ൽ നടക്കേണ്ടതായിരുന്നു. ആ പ്രഖ്യാപനം എന്നുവന്നാലും 2016 ജനുവരി മുതൽ മുൻകാല പ്രാബല്യത്തിൽ വസൂലാക്കാൻ പറ്റും. എന്നുവെച്ചാൽ എന്താണ് അതിനർഥം? ചർച്ച സകാത്തിലേക്ക് വന്ന് മുട്ടട്ടെ. 2019ൽ നിന്ന് തിരിഞ്ഞുനോക്കുമ്പോൾ 2016ൽ നമ്മൾ ഒരു ശമ്പളം വാങ്ങി പുട്ടടിച്ചുതീർത്തിരുന്നു. പക്ഷേ പിന്നെയും ആ വകയിൽ വീണ്ടും അവിടുന്നിങ്ങോട്ട് ഊറിക്കൂടുന്നു. അത് രണ്ടോ മൂന്നോ വർഷത്തിന് ശേഷം പ്രഖ്യാപിക്കുന്നു. എന്നിട്ടതിന്റെ ഒരു ഗഡു പിന്നെയും രണ്ടോ മൂന്നോ നാലോ കൊല്ലം കഴിഞ്ഞ് എത്തുന്നു. എന്നിട്ടുമത് കൈയിൽ കിട്ടുന്നില്ല. നേരെ പി എഫിൽ കൊണ്ടുപോയി പൂഴ്ത്തുന്നു. അതവിടെ കിടന്ന് മൂന്നോ നാലോ അഞ്ചോ വർഷം പൂത്തുപൂതലിക്കുന്നു. എന്നിട്ടാണ് കൈയിൽ കിട്ടുക. അപ്പോൾ എങ്ങനെയാണ് സകാത്ത് വരിക എന്ന് പറയുംമുമ്പ് വസ്തുത ഇങ്ങനെയായിരുന്നിട്ടും യു ജി സികാർക്ക് ആനശമ്പളം അട്ടിപ്പേറായി ഒഴുകിവരുന്ന് എന്ന് തെറ്റിദ്ധരിപ്പിക്കും വിധം മുൻ ലക്കത്തിൽ എഴുതിപ്പോയതിന് നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു!!

മുൻകാലപ്രാബല്യത്തിന് സകാത്ത് കൊടുക്കേണ്ടതുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. പത്ത് വർഷം കൂടുമ്പോഴാണ് യു ജി സി ശമ്പള പരിഷ്‌കരണം നടത്തുക/ നടത്തേണ്ടത്. 2006ൽ, 2016ൽ, 2026ൽ ഒക്കെ പേ റിവിഷൻ നടക്കണം എന്നത് ഒരു വെപ്പുമാത്രമാണ്. അതുതന്നെ നടന്നുകൊള്ളണമെന്നില്ല. പക്ഷേ, തുടർവർഷങ്ങളിൽ എപ്പോൾ നടന്നാലും 2016 ജനുവരി ഒന്ന് മുതൽക്കുള്ള മുൻകാല പ്രാബല്യം ഉണ്ടായിരിക്കും. അപ്പോൾ അനിശ്ചിതത്വം നിലനിൽക്കുന്ന ആ പ്രാബല്യകാലത്തിന്റെ സകാത്ത് കൂട്ടണം എന്ന് പറയുന്നതിൽ അർഥമില്ല. മറിച്ച് എന്നാണോ അത് പാസ്സാക്കി നമുക്ക് ആക്‌സസബിൾ ആക്കി/ നമ്മുടേതാക്കി കിട്ടുന്നത് അന്ന് മുതലേ സകാത്ത് കൂട്ടേണ്ടൂ. വ്യക്തമായി പറഞ്ഞാൽ എന്നാണ് പി എഫിലേക്ക് ചേർക്കുന്നത് അന്നുമുതലാണ് സകാത്ത് കൂട്ടേണ്ടത്. ചിലപ്പോൾ നാലോ അഞ്ചോ വർഷം കഴിഞ്ഞായിരിക്കും പിൻവലിക്കാനാകുക. പറഞ്ഞിട്ട് കാര്യമില്ല, ആ വർഷങ്ങൾക്കൊക്കെയും കൊല്ലാകൊല്ലം സകാത്ത് കൊടുക്കണം.

അപ്പോൾ ഇതിനോട് ചേർത്തുപറയാവുന്ന ഒരു കാര്യമുണ്ട്. പലപ്പോഴായി പല ഉദ്യോഗസ്ഥരും ചോദിക്കാറുള്ളതുമാണ്. അതായത് ജോലിക്ക് ചേർന്ന് അപ്രൂവലായി കിട്ടാൻ കാലങ്ങളെടുത്തു. അപ്പോൾ മുൻകാല പ്രാബല്യത്തിന്റെ സകാത്ത് കൊടുക്കണോ? ഉദാഹരണസഹിതം പറയാം: ഇ കെ അബ്ദുർറഹ്മാൻ മാഷ് 2016 മാർച്ചിൽ കോളജിൽ ചേർന്നു. 2018 നവംബറിൽ അദ്ദേഹത്തിന് ആദ്യ ശമ്പളം കിട്ടി. പിന്നെ എഴുത്തുകുത്തും ഒപ്പുവെക്കലും നൂലാമാലകളും കഴിഞ്ഞ് 2019 ഫെബ്രുവരിയിൽ മൊത്തം കുടിശ്ശിക ഒന്നിച്ചുകിട്ടി. ഇരുന്ന് പരിശോധിച്ചാൽ 2016 മാർച്ചിൽ/ ഏപ്രിലിൽ/ മെയിൽ തനിക്കെത്രയായിരുന്നു ശമ്പളം കിട്ടേണ്ടിയിരുന്നത് എന്നത് കണ്ടുപിടിക്കാൻ പറ്റും. എന്നുകരുതി അന്നുതൊട്ടേ കണക്കുകൂട്ടി നിസ്വാബ് തികച്ച്, ഹൗല് പൂർത്തിയാക്കി സകാത്ത് കൊടുക്കണോ? വേണ്ട. ഇപ്പോൾ ഈ ഫെബ്രുവരിയിൽ മാത്രമേ അദ്ദേഹത്തിന് കിട്ടാനുള്ളത് അപ്രൂവലായി വന്നുള്ളൂ. അത് വരാത്തകാലത്തോളം ആ തുക അയാൾക്ക് അപ്രാപ്യമായി കിടക്കുകയാണ്. അപ്രൂവൽ അനന്തമായി നീണ്ടേക്കാം. പോസ്റ്റ് തന്നെ തെറിച്ച് കൊടുത്ത കാശും തിരിച്ചുവാങ്ങി വണ്ടി വിടേണ്ടി വന്നേക്കാം. ചിലർ ടാക്‌സ് പ്രതിരോധിക്കാനായി പി എഫ് നിരക്ക് കൂട്ടിയിടാറുണ്ട്. പറ്റുമോ? പറയാം.

ഫൈസൽ അഹ്‌സനി ഉളിയിൽ
• faisaluliyil@gmail.com

Latest