റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന ജില്ലകളില്‍ കനത്ത മഴ

Posted on: July 22, 2019 3:26 pm | Last updated: July 22, 2019 at 3:26 pm

തിരുവനന്തപുരം: സംസ്ഥാനത്ത് റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്
ജില്ലകളില്‍ കനത്ത മഴ തുടരുന്നു. കൊല്ലം ശക്തികുളങ്ങരയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.

കാസര്‍കോട് വെള്ളരിക്കുണ്ട് കനപ്പള്ളിയില്‍ വീട് തകര്‍ന്ന് അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കാസര്‍കോട് ഇതുവരെ 120 വീടുകള്‍ പൂര്‍ണമായും മൂന്ന് വീട് ഭാഗികമായും തകര്‍ന്നതായാണ് കണക്ക്. 200 ഹെക്ടറിലധികം സ്ഥലത്ത് കൃഷി നശിച്ചിട്ടുണ്ട്.

കൊയിലാണ്ടിയില്‍ മരംവീണ് കോഴിക്കോട്- കണ്ണൂര്‍ ദേശീയ പാതയില്‍ ഗതാഗത തടസ്സപ്പെട്ടു. വടകര വലിയപള്ളിയില്‍ വെള്ളംകയറിയതിനെതുടര്‍ന്ന് പത്ത് ഇതരസംസ്ഥാന തൊഴിലാളികളെ ക്യാമ്പിലേക്ക് മാറ്റി.

കണ്ണൂര്‍ മണിക്കടവില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന് വേണ്ടി തിരച്ചില്‍ തുടരുകയാണ്. മറിഞ്ഞ ജീപ്പ് കണ്ടെത്തി.