Connect with us

Kerala

ആശങ്ക വേണ്ടെന്ന് കപ്പലിൽ തടവിലാക്കപ്പെട്ട അജ്മൽ സ്വാദിഖ്

Published

|

Last Updated

വണ്ടൂർ: ബ്രിട്ടൻ പിടിച്ചെടുത്ത ഇറാന്റെ എണ്ണ കപ്പലായ ഗ്രേസ് വണ്ണിൽ തങ്ങൾ സുരക്ഷിതരാണെന്ന് കപ്പലിലെ നാവികരിലൊരാളായ വണ്ടൂർ സ്വദേശി അജ്മൽ സ്വാദിഖ് സിറാജിനോട് പറഞ്ഞു. കപ്പലിന്റെ ക്യാപ്റ്റനേയും ചീഫ് ഓഫീസറേയും ബ്രിട്ടീഷ് സംഘം കസ്റ്റഡിയെലടുത്തിട്ടുണ്ടെങ്കിലും ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള യാതൊന്നും ഇപ്പോഴില്ലെന്നും അജ്മൽ പറഞ്ഞു.

കഴിഞ്ഞ ജൂലൈ നാലിനാണ് ബ്രിട്ടീഷ് റോയൽ നേവിയുടെ പ്രത്യേക ദൗത്യ സംഘം ജിബ്രാൾട്ടർ കടലിടുക്കിൽ വെച്ച് ഇവർ സഞ്ചരിച്ച ഗ്രേയ്‌സ് വൺ എന്ന കപ്പൽ പിടിച്ചെടുത്തത്. ഈ രംഗം അജ്മൽ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

മെയ് 13ന് മൂന്ന് ലക്ഷം ടൺ ക്രൂഡ് ഓയിൽ നിറച്ച് ഫുജൈറയിൽ നിന്ന് പുറപ്പെട്ടതായിരുന്നു സൂപ്പർ ടാങ്കർ വിഭാഗത്തിൽപെട്ട ഞങ്ങളുടെ കപ്പൽ. 25 രാജ്യങ്ങളിലൂടെ പതിനെട്ടായിരം കിലോമീറ്റർ താണ്ടി ജൂലൈ നാലിന് സ്‌പെയിനിന്റെ തെക്ക് തീരപ്രദേശമായ ജിബ്രാൾട്ടർ എന്ന സ്ഥലത്ത് പുലർച്ചെ ഒന്നരയോടെ ഭക്ഷണ സാധനങ്ങൾ എടുക്കാൻ എത്തി. അന്ന് രാത്രി പന്ത്രണ്ട് മുതൽ നാല് വരെ തനിക്കായിരുന്നു ഡ്യൂട്ടി. സാധാരണ ഗതിയിൽ ഓട്ടോമെറ്റിക്ക് സെറ്റിംഗ്സാണെങ്കിലും ട്രാഫിക്കുള്ള ഏരിയകളിൽ സ്റ്റിയറിംഗ് പിടിച്ചു തന്നെ വേണം നിയന്ത്രിക്കാൻ. ട്രാഫിക് സ്‌റ്റേഷനുമായി ബന്ധപെട്ടപ്പോൾ സ്പീഡ് പൂജ്യത്തിലാക്കി വെക്കാനും തങ്ങളുടെ ബോട്ട് ഉടൻ അങ്ങോട്ടു വരുന്നുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. ഇവിടെ നിന്നും മൂന്ന് നോട്ടിക്കൽ മൈൽ ദൂരമാണ് ബ്രിട്ടന്റെ അതിർത്തിയിലേക്കുള്ളത്.

പിന്നീട് രണ്ട് നോട്ടിക്കൽ മെൽ കൂടി ഉള്ളിലേക്ക ചെല്ലാനുള്ള നിർദേശം ലഭിച്ചു. അങ്ങനെ അവിടെയെത്തിയപ്പോൾ തന്നെ യുദ്ധ സമാനമായ രംഗങ്ങൾക്കാണ് തങ്ങൾ സാക്ഷ്യം വഹിച്ചത്. രണ്ട് ഹെലിക്കോപ്റ്ററിൽ ഇരുപതോളം കമാന്റോസ് സർവായുധങ്ങളുമായി കപ്പലിലേക്ക് ഇറങ്ങി. ഡക്കിയിൽ ലാന്റ് ചെയ്ത ഇവർക്കു പുറമെ യുദ്ധ കപ്പലിൽ നിന്ന് രണ്ട് ഹെലിക്കോപ്റ്ററുകൾ ഇവരുടെ കപ്പലിന്റെ രണ്ട് സൈഡിലും തയ്യാറായി നിന്നു. 28 പേരടങ്ങുന്ന കപ്പലിലെ തൊഴിലാളികളെ മുഴുവൻ ഇവർ തോക്കിൻ മുനയിൽ നിർത്തി കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തു.

യൂറോപ്യൻ യൂനിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നായിരുന്നു ഇവരുടെ പ്രധാന ആരോപണമെന്നും അജ്മൽ പറയുന്നു. പാസ്‌പോർട്ടും ലാപ്‌ടോപ്പും മൊബൈലുമെല്ലാം കസ്റ്റഡിയിൽ വാങ്ങിയ ബ്രിട്ടീഷ് കമാന്റേസ് പിന്നീട് ദിവസങ്ങൾക്കു ശേഷം മൊബൈൽ ഫോൺ തിരിച്ചേൽപിച്ചു. തികച്ചും മാന്യമായ പെരുമാറ്റമാണ് ഇവരിൽ നിന്നുണ്ടായതെന്നും സ്വാഭാവിക പരിശോധനകളും നടപടി ക്രമങ്ങളും കഴിഞ്ഞ് വിട്ടയക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അജ്മൽ പറയുന്നു. വീട്ടുകാരുമായും കൂട്ടുകാരുമായുമെല്ലാം ഫോണിൽ ബന്ധപെടുന്നുണ്ടെന്നും ഇറാന്റെ നയതന്ത്ര പ്രതിനിധികളും മറ്റും ഇവിടെയെത്തിയിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ബ്രിട്ടന്റെ എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തത് പ്രശ്‌ന പരിഹാരത്തിനു വിഘാതമാവുമോയെന്ന ആശങ്കയിലാണ് ബന്ധുക്കളും നാട്ടുകാരും. അജ്മലിന്റെ വീട്ടുകാരുമായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിരുന്നു.