Connect with us

Kerala

ആനയെ അടുത്തറിയാൻ അമേരിക്കൻ ഗവേഷണ വിദ്യാർഥികൾ കേരളത്തിൽ

Published

|

Last Updated

ആനകളെ കുറിച്ച് പഠിക്കാൻ ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിൽ എത്തിയ അമേരിക്കൻ ഗവേഷണ വിദ്യാർഥികൾ

തൃശൂർ: ആനകളെ അടുത്തറിയാനും ഗവേഷണ പഠനത്തിനുമായി അമേരിക്കയിലെ ഗവേഷണ വിദ്യാർഥികൾ ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിൽ എത്തി. അമേരിക്കയിലെ ജെയിംസ് മാഡിസൺ യൂനിവേഴ്‌സിറ്റിയിലെ ജന്തുശാസ്ത്ര ഗവേഷണ വിദ്യാർഥികളാണ് അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. ബിസി വേലായുധൻ, ഡോ. പ്രദീപ് വാസുദേവൻ എന്നിവരുടെ മേൽനോട്ടത്തിൽ ആനകളെക്കുറിച്ചും ആനപരിപാലനത്തെക്കുറിച്ചും പഠിക്കാൻ കേരളത്തിലെത്തിയത്.

മണ്ണുത്തി വെറ്ററിനറി കോളജിലെ അധ്യാപകരും ആന പഠന കേന്ദ്രം വിദഗ്ധരും ഉൾപ്പെടുന്ന സംഘത്തിന്റെ മേൽനോട്ടത്തിൽ നേരത്തേ നിശ്ചയിച്ച മാതൃകയിൽ ആയിരിക്കും പരിശീലന ക്ലാസുകൾ. ആന പഠന കേന്ദ്രം പ്രൊജക്റ്റ് ഡയറക്ടറും ആന ചികിത്സകനുമായ ഡോ. ടി എസ് രാജീവിന്റെ നേതൃത്വത്തിൽ പ്രത്യേക ഗജപരിചരണ ക്ലാസുകൾ സജ്ജമാക്കിയിരുന്നു. ആധുനിക ഗജ ഗവേഷണ ആശയങ്ങൾ പങ്കുവെക്കാനും ചികിത്സാ രീതികൾ കൂടുതൽ മനസ്സിലാക്കാനും ഇത്തരം പഠന പദ്ധതികൾ വിദ്യാർഥികൾക്ക് ഏറെ സഹായകരമാകുമെന്ന് ഡോ. ടി എസ് രാജീവ് പറഞ്ഞു. ആനകളുടെ മനഃശാസ്ത്രം, ശാരീരിക പ്രത്യേകതകൾ, പരിചരണ മുറകൾ, മദക്കാല പരിചരണം,സുഖചികിത്സ, ആനയും പാപ്പാനും തമ്മിലുള്ള ആത്മബന്ധം എന്നിവയെക്കുറിച്ചു ആന ഗവേഷകനായ മാർഷൽ സി രാധാകൃഷ്ണൻ ക്ലാസ് നയിച്ചു.

കേരളത്തിലെ ആനകളുടെ പരിചരണം, സംരക്ഷണം, സുഖ ചികിത്സ എന്നിവയെക്കുറിച്ച് നേരിൽ കാണാനും നിരീക്ഷിച്ചു മനസ്സിലാക്കാനും ഈ പരിശീലന പരിപാടിയിലൂടെ വിദ്യാർഥികൾക്കായെന്നും ഗജസംരക്ഷണം മുൻനിർത്തി പുന്നത്തൂർ ആനക്കോട്ട ഒരു അന്താരാഷ്ട്ര ഗവേഷണ കേന്ദ്രമാക്കാനുള്ള ശ്രമം ഉണ്ടാകണമെന്നും മാർഷൽ സി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

ആനക്കോട്ടയിലെ ഗജപരിചരണത്തെക്കുറിച്ചും സുഖചികിത്സാ കരുതലുകളെക്കുറിച്ചും ആനക്കോട്ട മാനേജർ എ കെ രാധാകൃഷ്ണൻ വിശദീകരിച്ചു. സുഖചികിത്സ കാലത്തെ ആനകളുടെ വിസ്തരിച്ചുള്ള കുളി, ആനയൂട്ട്, മദക്കാല വിക്രിയകൾ എല്ലാം തന്നെ വിദേശ വിദ്യാർഥികൾക്ക് പുതിയ അനുഭവം ആയിരുന്നു. വിവിധ തരം ആനകൾ, പ്രത്യേകതകൾ, ആനയും കേരള സംസ്‌കാരവും, ആനയും പാപ്പാനും തമ്മിലുള്ള ബന്ധം എന്നിവയെപ്പറ്റിയെല്ലാം കൂടുതൽ മനസ്സിലാക്കാൻ തങ്ങൾക്ക് സാധിച്ചു എന്ന് വിദ്യാർഥികൾ പറഞ്ഞു.

Latest