വിമതര്‍ വീഴ്ത്തുമോ? ഇന്ന് കര്‍’നാടകം’ ക്ലൈമാക്‌സ്

Posted on: July 22, 2019 2:30 am | Last updated: July 22, 2019 at 10:43 am

ബംഗളൂരു: രാഷ്ട്രീയ കരുനീക്കങ്ങളും ചരടുവലികളും അവസാന ഘട്ടത്തില്‍. മൂന്ന് ആഴ്ച നീണ്ട കര്‍ണാടകയിലെ രാഷ്ട്രീയ വടംവലിയില്‍ അന്തിമ വിജയം ആര്‍ക്കെന്ന് ഇന്ന്
അറിയാം. 17 എം എല്‍ എമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ എച്ച് ഡി കുമാരസ്വാമി സര്‍ക്കാര്‍  സഭയില്‍ വിശ്വാസ വോട്ടെടുപ്പിനെ നേരിടും. രാജിവെച്ച എം എല്‍ എമാരെ പിന്തിരിപ്പിക്കാനുള്ള അവസാന ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ വീട് കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍.

എന്നാല്‍ ഇതുവരെ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന ഒരു ചെറിയ നീക്കം പോലും വിമതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നത് ബി ജെ പി ക്യാമ്പില്‍ ആത്മവിശ്വാസം ഏറ്റുന്നു. നിലവിലെ സാഹചര്യത്തില്‍ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ അവിശ്വാസ പ്രമേയത്തെ അതിജീവിക്കൂവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

അതിനിടെ അത്ഭുതങ്ങള്‍ സംഭവിച്ച് വിശ്വാസവോട്ടില്‍ വിജയിച്ചാലും എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ലെന്നാണ് കര്‍ണാടകയില്‍ നിന്ന് വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് കൈമാറാനാണ് കുമാരസ്വാമിയുടെ ജെ ഡി എസ് തീരുമാനം. കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനം വിട്ടു നല്‍കാന്‍ തയ്യാറാണെന്ന് ജനതാദള്‍ എസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ പറഞ്ഞതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ പറഞ്ഞു. പരമേശ്വര, സിദ്ധാരാമയ്യ, ശിവകുമാര്‍ ആര്‍ക്ക് വേണമെങ്കിലും മുഖ്യമന്ത്രിയാവാമെന്നും ദേവഗൗഡ പറഞ്ഞുവെന്നും ശിവകുമാര്‍ പറഞ്ഞു.

കുമാരസ്വാമിയെ മാറ്റി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസ് വിമത എം എല്‍ എമാരില്‍ ഭൂരിഭാഗവും. ഇവരുമായി ധാരണയിലെത്താന്‍ കഴിഞ്ഞാല്‍ അധികാരം നിലനിര്‍ത്താന്‍ സഖ്യത്തിന് കഴിഞ്ഞേക്കും. ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ കോണ്‍ഗ്രസും ജനതാദള്‍ എസും അതിന് വേണ്ടി ശ്രമിക്കുന്നുണ്ട്. നാല് ബി ജെ പി എം എല്‍ എമാരുമായി ധാരണയിലെത്താനും ജനതാദള്‍ എസ് ശ്രമിക്കുന്നുണ്ട്.

വിശ്വാസ വോട്ട് വിജയിച്ചു കഴിഞ്ഞാല്‍ മുന്‍ ജനതാദളുകാരനായ സിദ്ധരാമയ്യയെ മാറ്റി നിര്‍ത്തി മറ്റാരെയെങ്കിലും മുഖ്യമന്ത്രിയാക്കിയാല്‍ പിന്തുണക്കാമെന്ന് ജനതാദള്‍ എസ് നിലപാടെടുത്താല്‍ പരമേശ്വരയ്യയിലേക്കും ശിവകുമാറിലേക്കും മാറും സാധ്യതകള്‍. എന്നാല്‍ ഇതിനൊക്കെ നാളെത്തെ അവിശ്വാസ പ്രമേയം അതിജീവിക്കേണ്ടതുണ്ട്.

അതിനിടെ വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിക്കാന്‍ കോണ്‍ഗ്രസും ജെ ഡി എസും കരുക്കള്‍ നീക്കുന്നതായി ബി ജെ പി ആരോപിക്കുന്നു. നാളെ വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എം എല്‍ എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. നേരത്തെ സര്‍ക്കാറിനൊപ്പം നിന്ന് ഇപ്പോള്‍ ബി ജെ പിയിലേക്ക് കൂറുമാറിയ രണ്ട് സ്വതന്ത്ര എം എല്‍ എമാരാണ് ഇന്ന് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. ഇക്കാര്യത്തില്‍  ഉച്ചക്ക് മുമ്പ് തന്നെ കോടതിയില്‍ നിന്ന് ഒരു ഇടപെടല്‍ ഉണ്ടാകുമെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത്. നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കറും അറിയിച്ചിട്ടുണ്ട്. എന്നാല്‍ സ്പീക്കര്‍ നിലപാടില്‍ നിന്ന് മാറുമോയെന്ന ഭയം ബി ജെ പിക്കുണ്ട്.