രമ്യാ ഹരിദാസിന് കാര്‍: യൂത്ത് കോണ്‍ഗ്രസ് നാളെ യോഗം ചേരും; പിരിവില്‍നിന്നും പിന്‍മാറിയേക്കും

Posted on: July 21, 2019 7:06 pm | Last updated: July 21, 2019 at 9:35 pm

പാലക്കാട്: ആലത്തൂര്‍ എം പി രമ്യാ ഹരിദാസിന് പിരിവെടുത്ത് കാര്‍ വാങ്ങാനുള്ള തീരുമാനം വിവാദമായ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പുനപരിശോധനക്ക് സാധ്യത.വിഷയം ചര്‍ച്ച ചെയ്യാനായി യൂത്ത് കോണ്‍ഗ്രസ് തിങ്കളാഴ്ച വൈകിട്ട് യോഗം വിളിച്ചിട്ടുണ്ട്. കെ പി സിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് വിഷയം വീണ്ടും ചര്‍ച്ച ചെയ്യാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചത്.കാര്‍ വാങ്ങാന്‍ പിരിവെടുക്കുന്നതില്‍നിന്നും യൂത്ത് കോണ്‍ഗ്രസ് പിന്‍മാറാനാണ് സ്ാധ്യത.

കാറിനായി ഓരോ നിയോജക മണ്ഡലത്തില്‍ നിന്നും രണ്ടുലക്ഷം രൂപ പിരിച്ചെടുക്കാനാണ് യൂത്ത കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി തിരുമാനിച്ചത്. ഇതിനായി 1000 രൂപയുടെ രസീത് കൂപ്പണുകളും അച്ചടിച്ച് വിതരണം നടത്തി. എന്നാല്‍ ഇത് സാമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയും കെപിസിസി പ്രസിഡന്റ് തന്നെ എതിരഭിപ്രായം പ്രകടിപ്പിച്ച് രംഗത്തുവരികയും ചെയ്തത് യൂത്ത് കോണ്‍ഗ്രസിന് തിരിച്ചടിയായി.