Connect with us

Editorial

എന്നിട്ടും അറുതിയില്ല ആൾക്കൂട്ട കൊലകൾക്ക്

Published

|

Last Updated

ഹിന്ദുത്വ ആൾക്കൂട്ട ആക്രമണങ്ങൾ തടയാനുള്ള വിധി എല്ലാ സംസ്ഥാനങ്ങളും കർശനമായി നടപ്പാക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. ആൾക്കൂട്ട, വംശീയ വിദ്വേഷ അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് സഹായം നൽകാൻ ദേശീയ തലത്തിൽ അതിവേഗ ഹെൽപ് ലൈൻ പ്രവർത്തനവും ആരംഭിച്ചു. പക്ഷേ ഹിന്ദുത്വ ആൾക്കൂട്ട ആക്രമണങ്ങൾക്ക് അറുതിയില്ലെന്നു മാത്രമല്ല, വർധിച്ചു വരികയാണ്. ബിഹാറിൽ സരൻ ജില്ലയിലെ ബനിയാപൂരിൽ കന്നുകാലികളെ മോഷ്ടിച്ചുവെന്ന് ആരോപിച്ചു മൂന്ന് പേരെയാണ് ഹിന്ദുത്വർ വെള്ളിയാഴ്ച തല്ലിക്കൊന്നത്.

പശുവുമായി വരികയായിരുന്ന മൂന്ന് പേരെ പ്രദേശവാസികളായ ഹിന്ദുത്വർ തടയുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. അവരുടെ പക്കലുണ്ടായിരുന്ന പശുവിനെ മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു അക്രമം. വിവരമറിഞ്ഞു പോലീസെത്തി മൂന്ന് പേരെയും അക്രമികളിൽ നിന്ന് മോചിപ്പിച്ചു ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ത്രിപുരയിലെ ധലായി ജില്ലയിൽ പശുമോഷണം ആരോപിച്ചു ബുധികുമാർ എന്നയാളെ തല്ലിക്കൊന്നത് ഒരാഴ്ച മുമ്പാണ്. രാത്രി പതിനൊന്ന് മണിക്ക് സ്ഥലത്തെ ഒരു പശുത്തൊഴുത്തിന് സമീപം ബുധികുമാറിനെ കണ്ട വീട്ടുകാർ ശബ്ദമുണ്ടാക്കി നാട്ടുകാരെ വിവരമറിയിക്കുകയും ആളുകൾ ഓടിക്കൂടി അയാളെ തല്ലിക്കൊല്ലുകയുമായിരുന്നു. ഈ വർഷം ഇതുവരെ 15 ആൾക്കൂട്ട ആക്രമണങ്ങൾ നടക്കുകയും അതിൽ എട്ട് പേർ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് കണക്ക്. ആക്രമണങ്ങളിൽ 22 പേർക്ക് മാരകമായ പരുക്കേൽക്കുകയും ചെയ്തു. 2015 മുതൽ പശുക്കടത്തിന്റെയോ കശാപ്പിന്റെയോ പേരിൽ 121 ഹിന്ദുത്വ ആൾക്കൂട്ട ആക്രമണങ്ങളുണ്ടായി. ഇതിൽ 2012- 2014 കാലഘട്ടത്തിലെ ആക്രമണങ്ങൾ ആറ് എണ്ണം മാത്രമായിരുന്നു. ബാക്കിയെല്ലാം 2014ന് ശേഷമുള്ള അഞ്ച് വർഷക്കാലത്തിനിടെ നടന്നതാണ്.

ആൾക്കൂട്ട ആക്രമണങ്ങൾ തടയാനുള്ള സുപ്രീം കോടതി വിധി എല്ലാ സംസ്ഥാനങ്ങളും ഒരാഴ്ചക്കകം നടപ്പാക്കണമെന്നും ഇല്ലെങ്കിൽ സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാർക്ക് കോടതിയിൽ നേരിട്ടു ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയത് കഴിഞ്ഞ ജൂലൈ ഏഴിനാണ്. ഇത്തരം ആക്രമണങ്ങൾക്കെതിരെ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് 2018 ജൂലൈയിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖാൻവിൽകർ, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ച് പുറപ്പെടുവിച്ച വിധി കേന്ദ്രവും സംസ്ഥാനങ്ങളും നടപ്പിലാക്കാത്ത സാഹചര്യത്തിലായിരുന്നു കോടതിയുടെ അന്ത്യശാസനം. പശു സംരക്ഷണത്തിന്റെ പേരിൽ നിരപരാധികളെ കൊലപ്പെടുത്തിയ പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്ന കാര്യത്തിൽ പോലും സംസ്ഥാന സർക്കാറുകൾ ഗുരുതരമായ അലംഭാവമാണ് കാട്ടുന്നതെന്ന് കോടതി എടുത്തുപറയുകയും ചെയ്തു. ഗോരക്ഷാ ഗുണ്ടകളുടെ മർദനങ്ങൾക്കും കൊലപാതകത്തിനും ഇരയായവർക്ക് നീതി ലഭിക്കുന്നില്ലെന്നു മാത്രമല്ല, ഈ സംഭവങ്ങളിലെ ഇരകളുടെ പേരിലും, അവരുടെ ബന്ധുക്കളുടെ പേരിലും കേസെടുക്കുകയും, അവരെ എല്ലാ നിലയിലും ദ്രോഹിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ ചൂണ്ടിക്കാട്ടുകയുമുണ്ടായി.

ഒരാഴ്ച മുമ്പാണ് യുനൈറ്റഡ് എഗെയ്ൻസ്റ്റ് ഹെയ്റ്റ് എന്ന കൂട്ടായ്മ ഡൽഹി പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹിന്ദുത്വ ആൾക്കൂട്ട ആക്രമണങ്ങളിലും വംശീയ വിദ്വേഷ അതിക്രമങ്ങൾക്കും ഇരയാകുന്നവർക്ക് സഹായം നൽകാനായി ദേശീയ തലത്തിൽ അതിവേഗ ഹെൽപ് ലൈൻ പ്രവർത്തനം ആരംഭിച്ചത്. ആക്രമണങ്ങൾക്ക് വിധേയമാകുന്നവർക്കും അതിന് സാക്ഷിയാകുന്നവർക്കും പെട്ടെന്നു തന്നെ വിവരമറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പറും അവർ ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാറുകളും കേന്ദ്ര സർക്കാറും ആക്രമണങ്ങൾക്കെതിരെ പ്രസ്താവനകളിറക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും മനുഷ്യസ്‌നേഹികളുടെ കൂട്ടായ്മയിലൂടെ മാത്രമേ അക്രമം തടയാനാവുകയുള്ളൂവെന്നും സംഘാടകർ വ്യക്തമാക്കുന്നു.

എന്നാൽ ഈ കൂട്ടായ്മയും വേണ്ടത്ര ഫലപ്രദമല്ലെന്നാണ് വെള്ളിയാഴ്ചത്തെ ആക്രമണം ബോധ്യപ്പെടുത്തുന്നത്.
ഭരണകൂടങ്ങൾ ഫലപ്രദമായി ഇടപെട്ടെങ്കിൽ മാത്രമേ അക്രമങ്ങൾ തടയാനാവുകയുള്ളൂ. എന്നാൽ കേന്ദ്രം ഇക്കാര്യത്തിൽ കുറ്റകരമായ മൗനം പാലിക്കുകയാണ്. മതന്യൂനപക്ഷങ്ങളുടെ ആശങ്കയകറ്റുകയും അവരുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്യുമെന്നു തിരഞ്ഞെടുപ്പു ഫലത്തിനു തൊട്ടുപിന്നാലെ ഉറപ്പു നൽകിയ മോദി ഹിന്ദുത്വരുടെ ആക്രമണങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു.

സംസ്ഥാന സർക്കാറുകൾക്കും ഇക്കാര്യത്തിൽ നിസ്സംഗ ഭാവമാണ.് മണിപ്പൂരും മധ്യപ്രദേശും മാത്രമാണ് പേരിനെങ്കിലും ആൾക്കൂട്ട ആക്രമണം തടയുന്നതിനുള്ള നിയമനിർമാണം കൊണ്ടു വന്നത്. നേരത്തേ പശു ഗുണ്ടായിസത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്ന മാധ്യമങ്ങളും പൊതുസമൂഹവും മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇപ്പോൾ ഇക്കാര്യത്തിൽ നിസ്സംഗതയിലേക്ക് നീങ്ങിയിട്ടുണ്ട്. ബിഹാറിൽ വെള്ളിയാഴ്ച മൂന്ന് പേരെ ഒന്നിച്ചു തല്ലിക്കൊന്നിട്ടും മിക്ക മാധ്യമങ്ങൾക്കും അതൊരു ചെറിയ വാർത്തയാണ്. കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷത്തു നിന്നു കാര്യമായ പ്രതിഷേധം ഉയർന്നില്ല. ഫാസിസ്റ്റ് തന്ത്രത്തിന്റെ വിജയമായി വേണം ഈ നിസ്സംഗതയെ കാണാൻ.

വർഗീയവും വംശീയ വിദ്വേഷത്തിലൂന്നിയതുമായ തങ്ങളുടെ അജൻഡകൾ നടപ്പാക്കുമ്പോൾ തുടക്കത്തിൽ എതിർപ്പും പ്രതിഷേധവും ഉയരുമെങ്കിലും അതു വകവെക്കാതെ മുന്നോട്ടു നീങ്ങിയാൽ എതിർപ്പ് ക്രമേണ കെട്ടടങ്ങുമെന്ന കാഴ്ചപ്പാടാണ് ഫാസിസത്തിന്റെത്. പ്രതിപക്ഷ കക്ഷികളും നാലാം തൂണായി ജനാധിപത്യത്തിന് ബലം നൽകേണ്ട മാധ്യമലോകവും നിസ്സംഗത കൈവെടിഞ്ഞു പ്രതിരോധം ശക്തിപ്പെടുത്തിയില്ലെങ്കിൽ മതേതര, ജനാധിപത്യ ഇന്ത്യയുടെ തകർച്ച അതിവിദൂരമായിരിക്കില്ല.

Latest