Connect with us

Eranakulam

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മൂന്ന് മലയാളികളും

Published

|

Last Updated

ലണ്ടന്‍: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലിലെ 18 ഇന്ത്യക്കാരില്‍ മലയാളികളുമുണ്ടെന്ന് വിവരം. കപ്പലിലെ ജീവനക്കാരനായ എറണാകുളം കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്റെ പിതാവിനെ കപ്പല്‍ ജീവനക്കാര്‍ വിളിച്ച് അറിയിച്ചതോടെയാണ് വിവരം പുറത്തായത്. പള്ളുരുത്തി, തൃപ്പൂണിത്തുറ സ്വദേശികളാണ് മറ്റ് രണ്ട് മലയാളികള്‍ എന്നറിയുന്നു. ഒരു മാസം മുമ്പ് കപ്പലില്‍ ജോലിയില്‍ പ്രവേശിച്ച ഡിജോ രണ്ടു ദിവസം മുമ്പു വരെ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

സഊദിയിലേക്ക് പോകുകയായിരുന്ന സ്റ്റെനാ ഇംപേരോ എന്ന കപ്പലാണ് ഇറാനിന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്തത്. 23 ജീവനക്കാരാണ് ആകെ കപ്പലിലുള്ളത്. അന്താരാഷ്ട്ര സമുദ്ര ഗതാഗത ചട്ടങ്ങള്‍ ലംഘിച്ചതിനാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് റവല്യൂഷണറി ഗാര്‍ഡ് ഔദ്യോഗിക വെബ്സൈറ്റില്‍ വ്യക്തമാക്കി.

ഉപരോധം ലംഘിച്ചു സിറിയയിലേക്ക് എണ്ണ കൊണ്ടുപോയ ഇറാന്റെ എണ്ണക്കപ്പല്‍ നേരത്തെ ബ്രിട്ടന്‍ പിടികൂടിയിരുന്നു. ഈ കപ്പല്‍ 30 ദിവസം കൂടി തടങ്കലില്‍ വയ്ക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്.