Connect with us

Kerala

രമ്യക്ക് കാര്‍ വാങ്ങാന്‍ പിരിവ്; കോണ്‍ഗ്രസ് നേതാക്കൾക്കിടയില്‍ തമ്മിലടി

Published

|

Last Updated

തിരുവനന്തപുരം: ആലത്തൂര്‍ എം പി രമ്യ ഹരിദാസിന് കാര്‍ വാങ്ങാന്‍ യൂത്ത്‌ കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്ന് പിരിവെടുക്കുന്നത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിവാദമായിരിക്കെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ തമ്മിലടിയും മറനീക്കി പുറത്ത്.
കോണ്‍ഗ്രസ് എം എല്‍ എമാരായ അനില്‍ അക്കരയും വി ടി ബല്‍റാമുമെല്ലാം യൂത്ത്‌ കോണ്‍ഗ്രസിന്റെ നീക്കത്തെ സ്വാഗതം ചെയ്തപ്പോള്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇവരെ തിരുത്തി രംഗത്തെത്തി. എം പിക്ക് കാര്‍ വാങ്ങാനായി യൂത്ത്‌ കോണ്‍ഗ്രസ് പണം പിരിക്കുന്നത് ശരിയല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. രമ്യക്ക് കാര്‍ വാങ്ങണമെങ്കില്‍ ലോണ്‍ കിട്ടുമെന്നും മുല്ലപ്പള്ളി പാര്‍ട്ടി നേതാക്കളെ ഓര്‍മിപ്പിച്ചു.

എന്നാല്‍ പണം പിരിക്കുന്നത് ആദ്യ ഘട്ടത്തില്‍ തന്നെ സ്വാഗതം ചെയ്ത അനില്‍ അക്കരെ ഇക്കാര്യത്തില്‍ മുല്ലപ്പള്ളി നടത്തിയ അഭിപ്രായത്തോടും വിജോയിപ്പ് പ്രകടിപ്പിച്ചു. എം പിയുടെ ശമ്പളം കാര്‍ വാങ്ങാന്‍ തികയില്ലെന്നും ബേങ്കില്‍ നിന്ന് ലോണ്‍ ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് പിരിവ് നടത്തുന്നതെന്നും അിനല്‍ അക്കരെ പറഞ്ഞു.

യൂത്ത്‌കോണ്‍ഗ്രസുകാര്‍ യൂത്ത് കോണ്‍ഗ്രസുകാരിയായ തങ്ങളുടെ എംപിക്കാണ് വാഹനം വാങ്ങി നല്‍കുന്നതെന്നും ഇക്കാര്യത്തില്‍ തനിക്ക് അഭിമാനം മാത്രമേയുള്ളുവെന്നുമാണ് രമ്യ ഹരിദാസ് പ്രതികരിച്ചത്.
യൂത്ത്‌ കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലിമെന്റ് മണ്ഡലം കമ്മിറ്റിയാണ് ആയിരം രൂപയുടെ കൂപ്പണ്‍ അടിച്ച് പിരിവ് നടത്തുന്നത്. പാര്‍ട്ടി നേതാക്കന്‍മാര്‍ക്കിടയില്‍ മാത്രമാണ് പിരിവ് എന്നാണ് അവകാശവാദം.

എന്നാല്‍ എം പിയെന്ന നിലയില്‍ 1.90 ലക്ഷം രൂപ മാസം ശമ്പളവും അലവന്‍സും ലഭിക്കുമ്പോള്‍ എന്തിനാണ് പിരിവ് എടുത്ത് കാര്‍ വാങ്ങുന്നതെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. എം പി എന്ന നിലയില്‍ സെക്രട്ടറി, സ്റ്റാഫ്, ഓഫീസ് അലവന്‍സ്, സൗജന്യ വിമാന, ട്രെയിന്‍ യാത്രകള്‍, പാര്‍ലിമെന്റ് ബത്ത എന്നിവയെല്ലാം ലഭിക്കുന്നുണ്ട്. ഇതിന് പുറമെ എം പി അപേക്ഷിച്ചാല്‍ ദേശസാത്കൃത ബേങ്കുകളില്‍ നിന്ന് വാഹന വായ്പയും ലഭിക്കുന്നുണ്ട്. ഈ സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും പണം പിരിക്കുന്നത് തട്ടിപ്പിനാണെന്നും ഇത് അഴിമതിയാണെന്നുമെല്ലാമാണ് സാമൂഹിക മാധ്യമങ്ങളിലെ വിമര്‍ശം.

 

Latest