‘സിമ്പിളായി നേടാം സിവില്‍ സര്‍വിസ്’ പ്രകാശനം ചെയ്തു

Posted on: July 20, 2019 9:47 pm | Last updated: July 20, 2019 at 9:47 pm

കോഴിക്കോട്: സിവില്‍ സര്‍വിസ് ബാലികേറാമലയല്ലെന്നും ഒരു കാലത്ത് പിന്നോക്കം നിന്ന പ്രദേശത്തു നിന്നു പോലും ഇന്ന് ഈ മേഖലയിലേക്ക് കുട്ടികള്‍ കടന്നുവരുന്നുണ്ടെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലില്‍. മാധ്യമപ്രവര്‍ത്തകന്‍ പി.കെ മുഹമ്മദ് ഹാത്തിഫ് എഴുതിയ ‘സിമ്പിളായി നേടാം സിവില്‍ സര്‍വിസ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍ നഗരങ്ങളിലെ ഉന്നത വിഭാഗത്തില്‍പെടുന്നവര്‍ മാത്രമായിരുന്നു ആദ്യമൊക്കെ സിവില്‍ സര്‍വിസ് രംഗത്തേക്കു കടന്നു വന്നിരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സിവില്‍ സര്‍വ്വിസ് ഓണം കേറാമൂലയല്ലെന്ന് ബോധ്യപ്പെടുത്തുന്ന നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ലളിതമായ ഭാഷയില്‍ സൗമ്യമായി രചിച്ചതാണ് മുഹമ്മദ് ഫാത്തിഫിന്റെ പുസ്തകം എന്നും മന്ത്രി പറഞ്ഞു.

കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് മുഹമ്മദ് സജാദ് ആദ്യ കോപ്പി ഏറ്റുവാങ്ങി. ഷാഹിദ് തിരുവള്ളൂര്‍ ഐ.ഐ.എസ്, സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് എം.പി അമിത് എന്നിവര്‍ മുഖ്യാതിഥികളായി. നവാസ് പൂനൂര്‍ അധ്യക്ഷത വഹിച്ചു. അനില്‍ ചന്ദ്രന്‍ പുസ്തക പരിചയം നടത്തി. ഹക്കീം കൂട്ടായി, മുസ്തഫ മുണ്ടുപാറ, എ.സജീവന്‍, മലബാര്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഗോഡ് വിന്‍ സാംറാജ്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് പ്രേംനാഥ്, ഡോ. സരിന്‍ പ്രസംഗിച്ചു.
പി.കെ മുഹമ്മദ് ഹാത്തിഫ് മറുപടി പ്രസംഗം നടത്തി.

ഡോ. ആര്യ ഗോപി, എം.എസ് സുധീരന്‍, അബ്ദുല്ല പേരാമ്പ്ര, രമേശ് വട്ടിങ്ങാവില്‍ എന്നിവര്‍ പേരക്ക ബുക്‌സ് അവാര്‍ഡ് ഏറ്റുവാങ്ങി. ഹംസ ആലുങ്ങല്‍ സ്വാഗതവും, ഷഫീഖ് പന്നൂര്‍ നന്ദിയും പറഞ്ഞു.