സംസ്ഥാന ഹജ്ജ് ക്യാമ്പിന് സമാപനം; മുഴുവന്‍ ഹാജിമാരും വിശുദ്ധ ഭൂമിയില്‍

Posted on: July 20, 2019 9:03 pm | Last updated: July 21, 2019 at 12:00 pm

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള മുഴുവന്‍ ഹാജിമാരും വിശുദ്ധ ഭൂമിയിലെത്തിയതോടെ ഹജ്ജ് കമ്മിറ്റിക്കു കീഴിലുള്ള ഹജ്ജ് യാത്രയും ഹജ്ജ് ക്യാമ്പിനും സമാപ്തിയായി. ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഹാജിമാര്‍ ഹജ്ജിനു പുറപ്പെട്ട വര്‍ഷമാണിത്.

13,475 പേരാണ് ഈ വര്‍ഷം ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ വിശുദ്ധ ഭൂമിയിലെത്തിയത്. ഇതിനു പുറമെ ലക്ഷദ്വീപില്‍ നിന്നുള്ള 330 ഹാജിമാര്‍ കൊച്ചി ഹജ്ജ് ക്യാമ്പ് വഴിയും മാഹിയില്‍ നിന്നുള്ള 24 ഹാജിമാര്‍ കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് വഴിയും വിശുദ്ധ ഭൂമിയിലെത്തി. കൊച്ചി, കരിപ്പൂര്‍ എമ്പാര്‍ക്കേഷനുകളില്‍ നിന്നായി 20 കുട്ടികള്‍ ഉള്‍പ്പടെ മൊത്തം 13,829 പേരാണ് യാത്ര പുറപ്പെട്ടത്. ഇവരില്‍ 5631 പേര്‍ പുരുഷന്‍മാരും 8178 പേര്‍ സ്ത്രീകളുമാണ്.

ഹജ്ജ് യാത്രയുടെ സമാപന ദിവസമായ ഇന്നലെ നാലു വിമാനങ്ങളിലായി 1151 ഹാജിമാര്‍ വിശുദ്ധ ഭൂമിയിലെത്തി. ആഗസ്ത 18 മുതല്‍ സെപ്തംബര്‍ മൂന്ന് വരെ തിയതികളിലായി ഹാജിമാരുടെ മടക്ക യാത്ര തുടരും.