Connect with us

National

സോന്‍ഭദ്ര കൂട്ടക്കൊല:മടങ്ങിപ്പോകണമെന്ന് ജില്ലാ കലക്ടര്‍; ഇല്ലെന്ന് പ്രിയങ്ക ഗാന്ധി

Published

|

Last Updated

സോന്‍ഭദ്ര: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര വെടിവെപ്പില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രിയങ്ക ഗാന്ധി നടത്തുന്ന ധര്‍ണ തുടരുന്നു. കുടുംബാംഗങ്ങളെ കാണാതെ മടങ്ങില്ലെന്ന് നിപാടിലാണ് പ്രിയങ്ക. മടങ്ങിപ്പോകണമെന്ന ജില്ലാ കലക്ടറുടെ ആവശ്യം പ്രിയങ്ക തള്ളി. സോന്‍ഭദ്രയിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നാലംഗ പ്രതിനിധി സംഘത്തേയും പോലീസ് തടഞ്ഞിട്ടുണ്ട്. അതേ സമയം പ്രിയങ്കയ്ക്ക് പിന്തുണയുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും സോന്‍ഭദ്രയിലെത്തും.

ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ട 10 ആദിവാസികളുടെ ബന്ധുക്കളെ കാണാനെത്തിയപ്പോഴാണ് ഇന്നലെ ഉച്ച്ക്ക് പോലീസ് പ്രിയങ്കയെ കസ്റ്റഡിയില്‍ എടുത്തത്. നിരോധനാജ്ഞ ലംഘിച്ചെന്നു ആരോപിച്ചായിരുന്നു പോലീസ് നടപടി. ഇതില്‍ പ്രതിഷേധിച്ച് ധര്‍ണ ഇരുന്ന ചുനാര്‍ ഗസ്റ്റ് ഹൗസിലെ വൈദ്യുതി തടസപ്പെട്ടിരുന്നു. അധികൃതര്‍ കരുതിക്കൂട്ടി വൈദ്യുതി വിച്ഛേദിച്ചതാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.

സോന്‍ഭദ്രയില്‍ സ്ത്രീകളുള്‍പ്പടെ 10 ആദിവാസികളെ ഗ്രാമത്തലവനും കൂട്ടാളികളും കഴിഞ്ഞ ബുധനാഴ്ചയാണ് വെടിവച്ചു കൊന്നത് . 23 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ വാരാണസി ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമാണ് മരിച്ചവരുടെ ബന്ധുക്കളെ കാണാന്‍ പ്രിയങ്ക സോന്‍ഭദ്രയിലെത്തിയത്.