ഹജ്ജ് മുന്നൊരുക്കം: കഅ്ബയുടെ കിസ്‌വ ഉയര്‍ത്തിക്കെട്ടി

Posted on: July 19, 2019 10:30 pm | Last updated: July 19, 2019 at 10:30 pm

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിശുദ്ധ കഅ്ബയെ പുതപ്പിച്ചിരിക്കുന്ന കിസ്‌വ ഉയര്‍ത്തികെട്ടി. വിശുദ്ധ ഹറമിലേക്കുള്ള തീര്‍ഥാടകരുടെ വരവ് വര്‍ദ്ധിച്ചതോടെയാണ് ഹറം കാര്യ വകുപ്പ് കിസ്‌വ ഉയര്‍ത്തിക്കെട്ടിയത്.

കഅ്ബാലയത്തിന്റെ നാല് ഭാഗവും മൂന്നു മീറ്റര്‍ ഉയരത്തിലാണ് കിസ്വ ഉയര്‍ത്തിരിക്കുന്നത്. കിസ്‌വയുടെ രണ്ട് മീറ്റര്‍ ഉയരത്തില്‍ വെള്ള പട്ടു തുണികൊണ്ട് മൂടി. ഹറം കാര്യ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ഉമ്മുല്‍ ജൂദിലെ കിസ്വ ഫാക്ടറിയിലെ അമ്പത് ജീവനക്കാരും ചേര്‍ന്ന് മൂന്ന് മണിക്കൂര്‍ സമയം കൊണ്ടാണ് കിസ്‌വ ഉയത്തികെട്ടല്‍ പൂര്‍ത്തിയാക്കിയത്.


ഹജ്ജിനെത്തുന്ന തീര്‍ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചതോടെ വിശുദ്ധ കഅബയെ അണിയിച്ചിരിക്കുന്ന കിസ്വക്കു കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും അതിന്റെ വിശുദ്ധി കാത്ത് സൂക്ഷിക്കുന്നതിനുമാണ് ഉയര്‍ത്തികെട്ടുന്നതെന്ന് ഹറംകാര്യ മന്ത്രാലയ ഡെപ്യൂട്ടി പ്രസിഡന്റ് ജനറലും കിസ്വ ഫാക്ടറി ഡയറക്ടറുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ മന്‍സൂരി, പറഞ്ഞു. ജനലക്ഷങ്ങള്‍ സംബന്ധിക്കുന്ന ഹജ്ജിന്റെ സുപ്രധാന ദിവസമായ അറഫാ ദിനദത്തില്‍ ഉയര്‍ത്തികെട്ടിയ കിസ്വ മാറ്റി കഅ്ബയെ പുതിയ കിസ്വ അണിയിച്ച ശേഷം വീണ്ടും ഉയര്‍ത്തികെട്ടും.