Connect with us

National

വെടിവെപ്പില്‍ മരിച്ചവരുടെ ബന്ധുക്കളെ കാണാന്‍ അനുവദിച്ചില്ല; കുത്തിയിരുന്ന പ്രിയങ്കയെ കരുതല്‍ തടങ്കലിലാക്കി

Published

|

Last Updated

ലക്‌നൗ: യു പിയിലെ സോന്‍ഭദ്രയില്‍ കഴിഞ്ഞ ദിവസം വെടിവെപ്പില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് റോഡില്‍ കുത്തിയിരുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ കരുതല്‍ തടങ്കലിലാക്കി. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ നാലിലധികം പേരെ കടത്തിവിടാനാകില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. എന്നാല്‍, തന്നെയും കൂടെയുള്ള മറ്റു കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും മരിച്ചവരുടെ ബന്ധുക്കളെ കാണാന്‍ അനുവദിക്കണമെന്ന് പ്രിയങ്ക ശഠിച്ചു. വഴങ്ങാന്‍ അധികൃതര്‍ തയാറാകാതായതോടെ പ്രിയങ്കയും ഒപ്പമുണ്ടായിരുന്നവരും റോഡില്‍ കുത്തിയിരിക്കുകയായിരുന്നു.

ബുധനാഴ്ച സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മരിച്ചവരുടെ ബന്ധുക്കളെ കാണാന്‍ പോകുമ്പോഴാണ് പ്രിയങ്കയെ പോലീസ് വഴിയില്‍ തടഞ്ഞത്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണുക മാത്രമായിരുന്നു തന്റെ ഉദ്ദേശ്യമെന്നും തന്നെ തടഞ്ഞത് ഏത് നിയമ പ്രകാരമാണെന്ന് വ്യക്തമാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. സംഭവത്തിനെതിരെ കടുത്ത പ്രതിഷേധത്തിന് തയാറെടുക്കുകയാണ് കോണ്‍ഗ്രസ്