ഇംഗ്ലണ്ടിന്റെ കോച്ചിനെ ഹൈദരാബാദ് റാഞ്ചി !

Posted on: July 19, 2019 8:08 am | Last updated: July 19, 2019 at 11:40 am

ഹൈദരാബാദ്: ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത ആസ്‌ത്രേലിയന്‍ പരിശീലകന്‍ ട്രവര്‍ ബെയ്‌ലിസിനെ ഐപിഎല്‍ ടീം സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് റാഞ്ചി ! പുതിയ സീസണില്‍ കിരീട ലക്ഷ്യത്തോടെയാണ് ലോകകപ്പ് നേടിയ പരിശീലകനെ തന്നെ ടീമില്‍ എത്തിച്ചിരിക്കുന്നത്.
ഇതോടെ ഏഴുവര്‍ഷത്തോളംകാലം ടീമിന്റെ പരിശീലകനായിരുന്ന ടോം മൂഡി ഹൈദരാബാദില്‍ നിന്നും പടിയിറങ്ങുകയാണ്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും സണ്‍ റൈസേഴ്‌സിന് കിരീടം നേടാന്‍ കഴിഞ്ഞിരുന്നില്ല. 2016ല്‍ ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ മൂഡിക്ക് കഴിഞ്ഞിരുന്നു.

നേരത്തെ കൊല്‍ക്കത്ത ടീമിന്റെ പരിശീലകനായിരുന്ന ബെയ്‌ലിസ് അവിടെ നിന്നാണ് ഇംഗ്ലണ്ട് ടീമിനൊപ്പം ചേര്‍ന്നത്.

ടീമിന് പുതിയ പരിശീലകനെ നിയമിക്കുകയാണെന്നും ബെയ്‌ലിസ് അനുയോജ്യനാണെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.

രണ്ടുതവണ കൊല്‍ക്കത്തയ്ക്ക് കിരീടം നേടിക്കൊടുത്ത പരിശീലകനാണ് ട്രവര്‍ ബെയ്‌ലിസ്. ആസ്‌ത്രേലിയയിലെ ബിഗ് ബാഷ് ലീഗിലും അദ്ദേഹം കിരീടം നേടിക്കൊടുത്തിട്ടുണ്ട്.
മികച്ച വിജയം നേടിക്കൊടുക്കാന്‍ കഴിയുന്ന പരിശീലകനാണ് താനെന്ന് തെളിയിച്ചയാളാണ് ബെയ്‌ലിസെന്നും ഹൈദരാബാദ് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.

ലോകകപ്പിന് ശേഷം താന്‍ ഇംഗ്ലണ്ട് ടീം വിടുമെന്ന് ബെയ്‌ലിസ് നേരത്തതന്നെ അറിയിച്ചിരുന്നതാണ്. ഇതോടെ അദ്ദേഹം ഇന്ത്യയുടെ പരിശീലകനാകുമെന്ന അഭ്യൂഹവും ഉയര്‍ന്നിരുന്നു.

എന്നാല്‍, ഹൈദബാദ് ടീമുമായി ബെയ്‌ലിസ് നേരത്തെ തന്നെധാരണയിലെത്തിയിരുന്നു.