മഴ കനത്തു; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

Posted on: July 19, 2019 11:08 am | Last updated: July 19, 2019 at 11:08 am

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തു. അതിതീവ്രമഴക്ക് സാധ്യതയുള്ളതിനാൽ ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കിയിൽ മാത്രവും 21ന് കണ്ണൂർ ജില്ലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും നാളെ എറണാകുളം ജില്ലയിലും 21ന് ഇടുക്കി, എറണാകുളം ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബാക്കിയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ പരക്കെ മഴ ലഭിച്ചു.
കേരള തീരത്തേക്ക് വടക്കുപടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. ഇന്ന് മുതൽ 20 വരെ കേരള, ലക്ഷദ്വീപ് തീരങ്ങളിലാണ് മുന്നറിയിപ്പ്. ഇന്ന് അറബിക്കടലിലേക്ക് തെക്കു പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
നാളെ മുതൽ 22 വരെ തെക്കുപടിഞ്ഞാറൻ അറബിക്കടൽ ചേർന്നുള്ള മധ്യ അറബിക്കടൽ എന്നിവിടങ്ങളിൽ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കാം.

നാളെ വരെ മാെലിദ്വീപ്, കോമോറിൻ തീരങ്ങൾ, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുണ്ട്. കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആവാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.